മല്യയെ വിട്ട് കിട്ടണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി ഇന്ന് വിധി പറയും
ലണ്ടന്‍: വായ്പത്തട്ടിപ്പ് കേസില്‍ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയെ വിട്ട് കിട്ടണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി ഇന്ന് വിധി പറയും. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് കേസില്‍ ഇന്ന് വിധി പറയുന്നത്. ജോയിന്റ് ഡയറക്ടര്‍ എ സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിനായി ലണ്ടനില്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ വിധി എന്ത് തന്നെയായാലും മല്യ ഇന്ത്യയിലേക്ക് വരാന്‍ സാധ്യതയില്ലെന്നാണ് സൂചന. കോടതി വിധി ഇന്ത്യക്ക് പ്രതികൂലമാണെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഇന്ത്യക്ക് കഴിയും. ഒരു പക്ഷേ ഇന്ത്യക്ക് അനുകൂലമാണെങ്കില്‍ മല്യ അപ്പീലിന് പോവാനുള്ള സാധ്യതയും ഉണ്ട്. വായ്പയെടുത്ത തുക തിരിച്ചടക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മല്യ ട്വീറ്റ് ചെയ്തിരുന്നു.
2016 മാര്‍ച്ചിലാണ് 9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തിയിട്ട് മല്യ ബ്രിട്ടണിലേക്ക് കടന്ന് കളഞ്ഞത്. മല്യയെ വിട്ട് കിട്ടണമെന്ന് 2017 ഫെബ്രുവരിയില്‍ കേന്ദ്രം ബ്രിട്ടനെ അറിയിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി ലണ്ടനിലുള്ള മല്യയെ വിട്ടുകിട്ടാന്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇന്ത്യ ശ്രമിക്കുകയാണ്.
