ഐ.ആർ.എൻ.എസ്.എസ്.1 ഐ വി­ജയകരമാ­യി­ വി­ക്ഷേ­പി­ച്ചു­


ശ്രീഹരിക്കോട്ട : ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്. 1 ഐ വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച്ച പുലർച്ചെ 4.04−ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. 36 മണിക്കൂർ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ സ്വന്തം ഗതിനിർണ്ണയ സംവിധാനം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നാവിക് പരന്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ.ആർ.എൻ.എസ്.എസ്. 1 −ഐ. പി.എസ്.എൽ.വി. എക്സ്.എൽ. റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം.

വിക്ഷേപണത്തറയിൽ നിന്ന് കുതിച്ച് 19 മിനിറ്റ് 20 സെക്കൻഡുകൾക്കുള്ളിൽ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ആഗസ്റ്റിൽ വിക്ഷേപിച്ച ഐ.ആർ.എൻ.എസ്.എസ്. 1− എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐ.ആർ.എൻ.എസ്.എസ്. 1 ഐ വിക്ഷേപിക്കുന്നത്. പി.എസ്.എൽ.വി. ഉപയോഗിച്ച് നടത്തുന്ന 43−ാമത് വിക്ഷേപണമാണിത്.

കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നൽകുകയാണ് നാവിഗേഷൻ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവിൽ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്. നാവിക് പരന്പരയിലൂടെ ഇന്ത്യയ്ക്കും സ്വന്തം ഗതിനിർണയ സംവിധാനം യാഥാർഥ്യമാക്കാനാണ് ശ്രമം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed