ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര ഇടപെടൽ തടയണമെന്ന് കുര്യൻ ജോസഫ്
ന്യൂഡൽഹി : ജുഡീഷ്യൽ നിയമനത്തിലെ കാലതാമസത്തിൽ കേന്ദ്ര സർക്കാരിനെതിരെ ജസ്റ്റിസ് കുര്യൻ ജോസഫ്. കൊളീജിയം ശുപാർശയിൽ മൂന്ന് മാസമായിട്ടും കേന്ദ്ര സർക്കാർ തീരുമാനമെടുത്തില്ല. നിയമനത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 22 ജഡ്ജിമാർക്ക് കത്തയച്ചു.
ജഡ്ജി നിയമന ശുപാർശകളിൽ കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നതിനെതിരേയാണ് ജസ്റ്റീസ് കുര്യൻ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. ഏഴംഗ ജഡ്ജിമാരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാകും. ഇനിയും വിഷയത്തിൽ കോടതി ഇടപെട്ടില്ലെങ്കിൽ ചരിത്രം മാപ്പു തരില്ല. സുഖപ്രസവം നടന്നില്ലെങ്കിൽ സിസേറിയൻ വേണം. അല്ലെങ്കിൽ കുഞ്ഞ് മരിക്കുമെന്നും അദ്ദേഹം ചീഫ് ജസ്റ്റീസിന് അയച്ച കത്തിൽ പറയുന്നു.
കേന്ദ്രം തീരുമാനം എടുക്കാത്തതിനെതിരെ ബെഞ്ച് വിധി പ്രസ്താവിക്കണം. കെ.എം. ജോസഫ്, ഇന്ദു മൽഹോത്ര എന്നിവരെ ജഡ്ജിമാരാക്കാനുള്ള ശുപാർശ അംഗീകരിക്കണമെന്നും കുര്യൻ ജോസഫ് ആവശ്യപ്പെട്ടു.
സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരെ ഉൾപ്പെടുത്തിയുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന് ഉടൻ രൂപം നൽകണം. വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നും കുര്യൻ ജോസഫ് ആവശ്യപ്പെട്ടു.

