ഹോർമുസ് കടലിടുക്കിലെ ഇറാൻ ഇടപെടൽ: യുഎൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ച് ബഹ്‌റൈനും അമേരിക്കയും


പ്രദീപ് പുറവങ്കര

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായി ബഹ്‌റൈനും അമേരിക്കയും സംയുക്തമായി യുഎൻ രക്ഷാസമിതിയിൽ പ്രമേയത്തിന്റെ കരട് അവതരിപ്പിച്ചു. കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയോടെയാണ് ഈ നീക്കം. അന്താരാഷ്ട്ര ജലപാതയിലെ ഇറാൻ്റെ ആക്രമണങ്ങൾ, ഖനനം, അനധികൃതമായി ടോൾ പിരിക്കൽ എന്നിവ അവസാനിപ്പിക്കണമെന്നും മാനുഷിക ഇടനാഴി സ്ഥാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളുമായി സഹകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷനും അനുസരിച്ചുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യമാണ് ഈ പ്രമേയത്തിന്റെ അടിസ്ഥാനമെന്ന് ബഹ്‌റൈൻ അംബാസഡർ ജമാൽ ഫാരെസ് അൽറുവൈയി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മേഖലയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനും ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനും പ്രാദേശിക സുരക്ഷ ഉറപ്പാക്കാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെയുള്ള 2817-ാം പ്രമേയത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഇതെന്നും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നിർത്തുക, അന്താരാഷ്ട്ര പാതയിലെ മൈനുകൾ നീക്കം ചെയ്യുക തുടങ്ങിയ ലളിതമായ കാര്യങ്ങളാണ് ഇറാനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി. സ്വന്തം ജനതയെ അടിച്ചമർത്തുകയും അയൽരാജ്യങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തോടൊപ്പമാണോ, അതോ മനമാ, കുവൈറ്റ് സിറ്റി, ദുബായ്, റിയാദ്, ദോഹ തുടങ്ങിയ വികസിത നഗരങ്ങൾക്കൊപ്പം മെച്ചപ്പെട്ട ഭാവി ആഗ്രഹിക്കുന്ന ജനതയോടൊപ്പമാണോ ലോകസമൂഹം നിൽക്കുന്നതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമുദ്ര നിയമങ്ങൾക്കും തങ്ങളുടെ പങ്കാളിത്ത രാജ്യങ്ങൾക്കും ഒപ്പമാണ് അമേരിക്കയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമേയം നിലവിൽ ഇറാനെതിരെ ഉപരോധങ്ങളോ സൈനിക നടപടികളോ നിർദ്ദേശിക്കുന്നില്ലെങ്കിലും, യുഎൻ ചാർട്ടറിലെ ചാപ്റ്റർ VII പ്രകാരം ഇത് നടപ്പിലാക്കുന്നത് വഴി കൗൺസിലിന്റെ തീരുമാനങ്ങൾ നിയമപരമായി ബാധ്യസ്ഥമാണെന്ന് യുഎഇ അംബാസഡർ മുഹമ്മദ് അബുഷഹാബ് ചൂണ്ടിക്കാട്ടി. പ്രമേയം നടപ്പിലാക്കാത്ത പക്ഷം കൂടുതൽ നടപടികൾ ആലോചിക്കുമെന്ന കർശന മുന്നറിയിപ്പും ഇതിലുണ്ട്. സമുദ്രപാതകളുടെ സംരക്ഷണവും ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഈ പ്രമേയത്തിന് അംഗരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ തീവ്രമായി ശ്രമിക്കുമെന്ന് ഖത്തർ അംബാസഡർ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ-ഥാനിയും വ്യക്തമാക്കി.

യുഎസ് അംബാസഡർ മൈക്ക് വാൾട്സ്, ബഹ്‌റൈൻ പ്രതിനിധി ജമാൽ ഫാരെസ് അൽറുവൈയി, യുഎഇ പ്രതിനിധി മുഹമ്മദ് ഈസ അബുഷഹാബ്, സൗദി അറേബ്യൻ പ്രതിനിധി അബ്ദുൽ അസീസ് എം. അൽവാസിൽ, ഖത്തർ പ്രതിനിധി ആലിയ അഹമ്മദ് സെയ്ഫ് അൽ-ഥാനി, കുവൈറ്റ് പ്രതിനിധി താരെക് എം.എ.എം. അൽബനായ് എന്നിവരാണ് സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

article-image

wsdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed