ബഹ്‌റൈൻ ജനസംഖ്യ 16 ലക്ഷം കടന്നു; പ്രവാസി ജനസംഖ്യയിൽ വൻ വർദ്ധനവ്


പ്രദീപ് പുറവങ്കര

മനാമ:ബഹ്‌റൈൻ ജനസംഖ്യ 16 ലക്ഷം പിന്നിട്ടു. രാജ്യത്തെ വളരുന്ന സമ്പദ്‌വ്യവസ്ഥയുടെയും തൊഴിൽ വിപണിയുടെയും കരുത്ത് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 2025 പകുതിയോടെ രാജ്യത്തെ ജനസംഖ്യ 1,603,260 ആയി ഉയർന്നു. ഇതിൽ 857,163 പ്രവാസികളും 746,097 ബഹ്‌റൈൻ പൗരന്മാരും ഉൾപ്പെടുന്നു.

ജനസംഖ്യയിലെ ലിംഗാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരാണ്. രാജ്യത്ത് ആകെ 990,492 പുരുഷന്മാരും 612,768 സ്ത്രീകളുമാണുള്ളത്. പ്രവാസി ജനസംഖ്യയിൽ 612,656 പുരുഷന്മാരും 244,507 സ്ത്രീകളും ഉൾപ്പെടുന്നു. അതേസമയം ബഹ്‌റൈൻ പൗരന്മാരുടെ എണ്ണത്തിൽ പുരുഷന്മാരും സ്ത്രീകളും ഏകദേശം തുല്യരാണ്. സ്വദേശികളിൽ 377,836 പുരുഷന്മാരും 368,261 സ്ത്രീകളുമാണുള്ളത്.

തൊഴിൽ ശക്തിയുടെ കാര്യമെടുത്താൽ പ്രവാസി ജനസംഖ്യയിൽ ഭൂരിഭാഗവും 20-നും 49-നും ഇടയിൽ പ്രായമുള്ളവരാണ്. ഇത് ബഹ്‌റൈനിലെ ശക്തമായ തൊഴിൽ വിപണിയെയും ബിസിനസ് സാഹചര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. സ്വദേശികളിൽ 20 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 273,000 കടന്നത് രാജ്യത്തിന്റെ യുവശക്തിയെ വെളിപ്പെടുത്തുന്നു. മൊത്തം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്നത് 35 മുതൽ 39 വരെയുള്ള പ്രായപരിധിയിലാണ്.

ഭൂമിശാസ്ത്രപരമായ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് തലസ്ഥാന ഗവർണറേറ്റിലാണ്. ഇവിടെ 552,684 താമസക്കാരാണുള്ളത്. നോർത്തേൺ ഗവർണറേറ്റിൽ 431,075 പേരും സൗത്തേൺ ഗവർണറേറ്റിൽ 322,290 പേരും മുഹറഖിൽ 297,211 പേരും താമസിക്കുന്നു. മേഖലയിലെ പ്രമുഖ ടാലന്റ് ഹബ്ബായി ബഹ്‌റൈൻ മാറുന്നതിന്റെ സൂചനയാണ് ജനസംഖ്യയിലുണ്ടായ ഈ വർദ്ധനവെന്ന് അധികൃതർ വിലയിരുത്തുന്നു.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed