പോലീസ് േസ്റ്റഷനുകൾ കോൺസൻട്രേഷൻ ക്യാന്പുകളായെന്ന് എം.എം ഹസൻ
മലപ്പുറം : എൽ.ഡി.എഫ് ഭരണത്തിൽ കേരളത്തിലെ പോലീസ് േസ്റ്റഷനുകൾ കോൺസൻട്രേഷൻ ക്യാന്പുകളായെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസൻ. വർഗീയ ഫാസിസത്തിനും അക്രമത്തിനും ജനദ്രോഹഭരണത്തിനും എതിരേ കെ.പി.സി.സി പ്രസിഡണ്ട് നയിക്കുന്ന ജനമോചനയാത്രയ്ക്ക് മലപ്പുറം മലപ്പുറം ജില്ലയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴയിൽ നിരപരാധിയായ യുവാവിനെ പോലീസ് തല്ലിക്കൊന്നു. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു. അരാജകത്വമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് കൊല്ലം ഭരണം നിലനിർത്താനായി രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ 24 പേരെ നരബലി നൽകിയ സർക്കാരാണ് പിണറായി വിജയന്‍റേതെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ അക്രമരാഷ്ട്രീയത്തിലൂടെ കേരള ജനതയുടെ സമാധാന ജീവിതം തകർക്കുന്നു. തേനുംപാലും ഒഴുക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ ചോരയും മദ്യവും ഒഴുക്കുകയാണ്. വി.ടി ബാലറാമിന് നേരെയുണ്ടായ സിപിഎം ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎമ്മിന്‍റെ അസഹിഷ്ണുതാരാഷ്ട്രീയം അവസാനിപ്പിക്കാൻ തയാറായില്ലായെങ്കിൽ അതിനു കേരളത്തിലെ ജനങ്ങൾ നൽകുന്ന മറുപടി കനത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്താനാണ് മോഡി ശ്രമിക്കുന്നത്. സാന്പത്തികരംഗത്ത് തുഗ്ലക് പരിഷ്കാരങ്ങളാണ് നരേന്ദ്രമോഡി സർക്കാർ നടപ്പാക്കുന്നത്. നികുതിക്കൊള്ള നടത്തി ജനജീവിതം ദുസഹമാക്കി. ജനാധിപത്യ സംവിധാനങ്ങളേയും ജുഡീഷ്യറിയെയും വർഗീയവൽക്കരിക്കാനാണ് മോഡി ശ്രമിക്കുന്നത്. ബി.ജെ.പി ഭരണത്തിൽ വർഗീയ ഫാസിസം അതിന്‍റെ മൂർധന്യതയിലെത്തിയെന്നും എം.എം ഹസൻ പറഞ്ഞു.
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി, നിലന്പൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിലാണ് ജനമോചനയാത്രയ്ക്ക് സ്വീകരണം നൽകിയത്. 12ന് യാത്ര പാലക്കാട് ജില്ലയിൽ പ്രവേശിക്കും. അതേടെ ജനമോചനയാത്രയുടെ ഒന്നാംഘട്ടം സമാപിക്കും. രണ്ടാംഘട്ടം 17ന് തൃശൂരിൽ നിന്നാരംഭിക്കും. ഡി.സി.സി പ്രസിഡണ്ട് വി.വി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
തന്പാനൂർ, രവി, ആര്യാടൻ മുഹമ്മദ്, ശൂരനാട് രാജശേഖരൻ, എം.ഐ.ഷാനവാസ് എംപി, പി.കെ കുഞ്ഞാലിക്കുട്ടി എംപി, കുഞ്ഞിക്കണ്ണൻ, ജോൺസൺ ഏബ്രഹാം, സജീവ് ജോസഫ്, കെ.പി അനിൽകുമാർ, ബെന്നിബെഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, പി.വി അബ്ദുൾ വഹാബ് എംപി, ആര്യാടൻ ഷൗക്കത്ത്, ടി.സിദിഖ് തുടങ്ങിയവർ പങ്കെടുത്തു.

