ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടിയേക്കും
ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോൺ നന്പറും മറ്റു സേവനങ്ങളുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടിയേക്കും. കേന്ദ്രസർക്കാർ സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സന്നദ്ധമാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ആധാർ നിയമത്തിനെതിരായ ഹർജിയിൽ വാദം കേൾക്കുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചുമുന്പാകെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 31 ആണ് ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ, അതിനുമുന്പ് കേസിൽ വിധി വരാൻ സാധ്യതയില്ലാത്തതിനാൽ തീയതി നീട്ടിനൽകാൻ തയാറാണെന്ന് വേണുഗോപാൽ അറിയിച്ചു. സമയപരിധി മാർച്ച് 31ആയതിനാൽ ഹർജി ഉടൻ പരിഗണിക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ ശ്യാം ദിവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അറ്റോണി ജനറലിന്‍റെറ സാന്നിധ്യത്തിൽ ഈ അപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു.
ഹർജിക്കാരുടെ മൂന്ന് അഭിഭാഷകരുടെ വാദം മാത്രമാണ് പൂർത്തിയായത്. അഞ്ചുപേർ കൂടി വാദം അവതരിപ്പിക്കാനുണ്ട്. അതിനുശേഷം കേന്ദ്ര സർക്കാറും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാറുകളും ആധാർ ഏജൻസിയും മറുപടി നൽകണം. ഇത് മാർച്ച് 31നകം പൂർത്തിയാകില്ലെന്നാണ് സൂചന.

