ബി.ജെ.പിക്കുണ്ടായ പരാജയം പദ്മാവത് നിരോധിക്കാത്തതിനാൽ : രജപുത് കർണിസേന
ജയ്പുർ : രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ പരാജയം സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് നിരോധിക്കാത്തതിനാലാണെന്ന് രജപുത് കർണിസേന. രാജസ്ഥാന്‍റെ ചരിത്രത്തിൽ ആദ്യമാണ് ഭരണകക്ഷി ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. പദ്മാവത് നിരോധിക്കാത്തതിനുള്ള പ്രതിഷേധമാണ് ജനുവരി 29 ന് ഉണ്ടായത്. അതിന്‍റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് കർണിസേന നേതാവ് ലോകേന്ദ്ര സിംഗ് കാൽവി പറഞ്ഞു. രാജസ്ഥാനിലെ ആൾവാർ, ആജ്മീർ ലോക്സഭാ സീറ്റുകളും മൺഡൽഗഡ് നിയമസഭാ സീറ്റുമാണ് ബി.ജെ.പിക്ക് നഷ്ടമായത്. മൂന്നിടത്തും വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ചു.
ആൾവാറിൽ കോൺഗ്രസിലെ കരൺ സിംഗ് യാദവ് 84, 414 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു ബി.ജെ.പിയിലെ ജസ്‌വന്ത് യാദവിനെ തറ പറ്റിച്ചത്. ആജ്മീറിൽ 84,335 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ രഘു ശർമ ബി.ജെ.പിയിലെ രാം സ്വരൂപ് ലാംബയെ പരാജയപ്പെടുത്തി. മൺഡൽഗഡ് നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി വിവേക് ധക്കാഡ് ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. കോൺഗ്രസ് വിമതൻ നാൽപ്പതിനായിരത്തിലധികം വോട്ട് നേടിയിട്ടും കോൺഗ്രസിനു വിജയിക്കാനായെന്നതാണു ശ്രദ്ധേയം. ബി.ജെ.പി എം.പിമാരായ സൻവാർ ലാൽ ജാട്ട്(ആജ്മീർ), ചാന്ദ്നാഥ്(ആൾവാർ), ബി.ജെ.പി എം.എൽ.എ കീർത്തികുമാരി(മൺഡൽഗഡ്) എന്നിവരുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പദ്മാവത് സിനിമയ്ക്കെതിരേയുള്ള രജപുത്ര വോട്ടർമാരുടെ രോഷം ആജ്മീറിൽ പ്രതിഫലിച്ചുവെന്നു വേണം കരുതാൻ. ശ്രീ രജ്പുത് കർണി സേനയുടെ വികാ രത്തിനൊപ്പം രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ നിലകൊണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ പ്രയോജനമുണ്ടായില്ല. രജപുത്ര വിഭാഗത്തിനു കാര്യമായ സ്വാധീനമുള്ള മൺഡലമാണ് ആജ്മീർ. പശുസംരക്ഷകരുടെ ആക്രമണത്തിൽ പെഹ്‌ലു ഖാൻ എന്നയാൾ കൊല്ലപ്പെട്ടത് ആൾവാറിൽ ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനു കാരണമായി. കോൺഗ്രസിന്‍റെ വൻ വിജയത്തിന് ഇതു സഹായിച്ചു.
