ജെല്ലിക്കെട്ട് വിഷയം : ഭരണഘടനാ ബെഞ്ചിന് വിട്ടു
ന്യൂഡൽഹി : ദേശീയ രാഷ്ട്രീയത്തിൽ പോലും പ്രകന്പനം തീർത്ത ജെല്ലിക്കെട്ട് വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്. ജെല്ലിക്കെട്ടിനെതിരെ ലഭിച്ച ഹർജികളെല്ലാം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ആർ.എഫ നരിമാനും ഉൾപ്പെട്ട ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ച് ചോദ്യങ്ങൾ ഉൾപ്പെടെയാണ് ഹർജികളെല്ലാം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന തമിഴ്നാട്ടിലെ നിയമങ്ങളും കാളയോട്ട മൽസരങ്ങൾക്ക് അനുമതി നൽകുന്ന മഹാരാഷ്ട്രയിലെ നിയമങ്ങളും ചോദ്യം ചെയ്ത് ലഭിച്ചിട്ടുള്ള ഹർജികളെല്ലാം ചേർത്ത് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുമെന്ന് 2017 ഡിസംബർ 12ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഇതുപ്രകാരമാണ് നടപടി. ഇത്തരം നിയമങ്ങൾ നിർമിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടോയെന്ന് ഭരണഘടനാ ബെഞ്ച് തീരുമാനിക്കുമെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന 1960ലെ കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്താണ് തമിഴ്നാട് ജെല്ലിക്കെട്ടിനും മഹാരാഷ്ട്ര കാളയോട്ടത്തിനും അനുമതി നൽകുന്നത്.
