ഫിഡൽ കാസ്‌ട്രോയുടെ മകൻ ആത്മഹത്യ ചെയ്തു
ഹവാന : ക്യൂബൻ വിപ്ലവ നേതാവായിരുന്ന ഫിഡൽ കാസ്‌ട്രോയുടെ മൂത്ത മകൻ ഫിദൽ കാസ്‌ട്രോ ഡയസ് ബല്ലാർട്ട് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് ഡയസ് ബല്ലാർട്ടിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി ബല്ലാർട്ട് വിഷാദ രോഗത്തിന് ചികിത്സ നടത്തി വരികയായിരുന്നെന്ന് ക്യൂബൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
68കാരനായ ബല്ലാർട്ട് കഴിഞ്ഞ കുറെ മാസങ്ങളായി ഒരു സംഘം ഡോക്ടർമാരുടെ ചികിത്സയിലായിരുന്നു എന്നു ക്യൂബ ഡിബേറ്റ് എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. രൂപത്തിൽ ഫിഡൽ കാസ്‌ട്രോയോട് ഏറെ സാമ്യമുള്ള 68 കാരനായ ബലർട്ട് ‘ഫിഡലിറ്റോ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ന്യൂക്ലിയർ ശാസ്ത്രജ്ഞനായ ബലർട്ട് സോവിയറ്റ് യൂണിയനിലാണ് പഠനം നടത്തിയത്. അന്തരിക്കുന്പോൾ ക്യൂബൻ കൗൺസിൽ ഓഫ് േസ്റ്ററ്റിന്റെ ശാസ്ത്ര ഉപദേശകനും ക്യൂബൻ അക്കാദമി ഓഫ് സയൻസിന്റെ വൈസ് പ്രസിഡണ്ടും ആയിരുന്നു.
കാസ്ട്രോയുടെ മക്കളിൽ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയതും ബലാർട്ട് ആയിരുന്നു. കാസ്ട്രോയുടെ ആദ്യ ഭാര്യ മിർത ഡിയാസ് ബലാർട്ട് ഗുട്ടറസിലുള്ള മകനാണ് ഡയസ് ബലാർട്ട്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ബലാർട്ട് അന്താരാഷ്ട്ര തലത്തിലുള്ള സയൻസ് പ്രോഗ്രാമുകളിൽ ക്യൂബയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
