റോസ്റ്റർ സന്പ്രദായം നടപ്പിലാക്കാൻ ദീപക് മിശ്രയുടെ നീക്കം
ന്യൂഡൽഹി : സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർക്കുള്ള ഭിന്നത പരിഹരിക്കുന്നതിനായി റോസ്റ്റർ സന്പ്രദായം നടപ്പിലാക്കാൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നീക്കം. വിഷയാടിസ്ഥാനത്തിൽ കേസുകൾ വിഭജിച്ചു നൽകുന്ന രീതിയിലാണ് റോസ്റ്റർ സന്പ്രദായം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി അഞ്ച് മുതൽ നിലവിൽ വരും. ഇതോടെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ ഉയർത്തിയ ഭിന്നത വിഷയത്തിൽ പരിഹാരമുണ്ടാകുമെന്നാണ് സൂചന. ചീഫ് ജസ്റ്റീസിനെതിരേ വിമർശനമുന്നയിച്ച് കോടതി നടപടികൾ നിർത്തിവച്ച് പത്രസമ്മേളനം നടത്തിയ മുതിർന്ന നാല് ജഡ്ജിമാരുടെ പ്രധാന ആവശ്യമായിരുന്നു കേസുകൾ ശരിയായ വിധത്തിൽ വിഭജിക്കണമെന്നത്.
കത്തുകളിലൂടെയുള്ളതും പൊതുതാൽപര്യവുമായി ബന്ധപ്പെട്ടതുമായ ഹർജികൾ ചീഫ് ജസ്റ്റീസിന്‍റെ കോടതിയാവും പരിഗണിക്കുക. വിവിധ സേവനങ്ങൾ, തെരഞ്ഞെടുപ്പ്, മധ്യസ്ഥം, തടസ ഹർജികൾ, ക്രിമിനൽ കേസുകൾ, കോടതിയലക്ഷ്യം, ഭരണഘടന സ്ഥാപനങ്ങളിലേക്കും പദവികളിലേക്കുമുള്ള നിയമനം, അന്വേഷണ കമ്മീഷൻ എന്നിവയും ചീഫ് ജസ്റ്റീസ് പരിഗണിക്കും. തൊഴിൽ നിയമം, പരോക്ഷ നികുതി, ഭൂ നിയമം, ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാരം, പണയം ജാമ്യം, കോടതി ജീവനക്കാർ, പുറത്താക്കൽ, ഉപഭോക്തൃ സംരക്ഷണം എന്നിവ ജസ്റ്റീസ് ജെ. ചെലമേശ്വർ അധ്യക്ഷനായ ബെഞ്ചിനും തൊഴിൽ നിയമം, പരോക്ഷ നികുതി, കോടതി ജീവനക്കാർ, പണയം ജാമ്യം, കന്പനി നിയമം, കോടതിയലക്ഷ്യം, വ്യക്തിഗത നിയമം തുടങ്ങിയവ ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും പരിഗണിക്കും.
പരിസ്ഥിതി, സാമൂഹ്യ നീതി, സായുധ സേനയുമായും ബന്ധപ്പെട്ട കേസുകൾ ജസ്റ്റീസ് മദൻ ബി. ലോകുറിനും ജസ്റ്റീസ് കുര്യൻ ജോസഫിനു സർവീസ് വിഷയങ്ങൾ, കുടുംബ നിയമം, മതപരവും ധർമ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട കേസുകളുമാണ് വിഭജിച്ചു നൽകിയിരിക്കുന്നത്. പ്രത്യക്ഷ നികുതി, ക്രിമിനൽ കേസുകളും വ്യവസ്ഥാപരമായ സംവിധാനങ്ങളിലെ അപ്പീലുകൾ തുടങ്ങിയവ ജസ്റ്റീസ് എ.കെ. സിക്രിയും വിദ്യാഭ്യാസം, എൻജിനിയറിംഗ്− മെഡിക്കൽ കോളജ് പ്രവേശനം തുടങ്ങിയവ ജസ്റ്റീസ് എസ്.എ ബോബ്ഡെയും പരിഗണിക്കും. കന്പനി നിയമം, പ്രത്യക്ഷ നിയമങ്ങൾ, ധനകാര്യ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ജസ്റ്റീസ് രോഹിൻടൺ നരിമാൻ അധ്യക്ഷനായ ബെഞ്ചാവും പരിഗണിക്കുക.
ജഡ്ജിമാർക്ക് കേസുകൾ വിഭജിച്ചു നൽകുന്നത് യുക്തിപൂർവമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ കലാപക്കൊടി ഉയർത്തി ജനുവരി 12നു പത്രസമ്മേളനം നടത്തിയത്. ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവരായിരുന്നു പ്രതിഷേധക്കാർ. ഇതേ തുടർന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രതിനിധികൾ അടക്കം നടത്തിയ പ്രതിസന്ധി പരിഹാര ചർച്ചകളുടെ അടിസ്ഥാനത്തിലാണ് റോസ്റ്റർ സംവിധാനം നടപ്പിലാക്കാൻ ചീഫ് ജസ്റ്റീസ് തയാറായത്.
