സ്വന്തമായി കാറുള്ളവർക്ക് പാചകവാതക സബ്സിഡി നഷ്ടമായേക്കും
ന്യൂഡൽഹി : സ്വന്തമായി കാറുള്ളവരുടെ പാചകവാതക സബ്സിഡി റദ്ദാക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. ഇവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സബ്സിഡി നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറുന്നതിലൂടെ (ഡിബിടി) 36 ദശലക്ഷം വ്യാജ എൽപിജി കണക്‌ഷനുകൾ ഒഴിവാക്കാനായെന്നും 30,000 കോടി രൂപ ലാഭിക്കാനായെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതുപോലെ കാർ സ്വന്തമായുള്ളവരെ കണ്ടെത്തി അവരെ സബ്സിഡി ലിസ്റ്റിൽ നിന്നൊഴിവാക്കി വൻതുക നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
കാറുള്ളവരുടെ പട്ടിക രാജ്യമാകെയുള്ള ആർടി ഓഫീസുകളിൽനിന്ന് ശേഖരിക്കുന്നുണ്ട്. രണ്ടും മൂന്നും കാറുള്ളവരും സബ്സിഡി വാങ്ങുന്നെന്നാണ് വിലയിരുത്തൽ. വാർഷിക വരുമാനം 10 ലക്ഷമുള്ളവരെ സബ്സിഡിയിൽ നിന്ന് കഴിഞ്ഞവർഷം പുറത്താക്കിയിരുന്നു. ഗിവ്ഇറ്റ്അപ് ക്യാംപെയ്ൻ, ഡിബിടിഎൽ, ആധാറുമായി ബന്ധിപ്പിക്കൽ തുടങ്ങിയവയ്ക്കു ശേഷമാണ് കാറുകാരെ തേടി സർക്കാർ ഇറങ്ങുന്നത്.

