അന്തരീക്ഷ മലിനീകരണം : ഡൽഹി സർക്കാരിനെതിരെ ഹരിത ട്രൈബ്യൂണൽ
ന്യൂഡൽഹി : ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. അന്തരീക്ഷ മലിനീകരണത്തിനെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ സമർപ്പിക്കാനും സർക്കാരിനോട് ജസ്റ്റീസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ ഹരിത ട്രൈബ്യൂണൽ ബെഞ്ച് നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും മാറിയതിനാൽ നടപടികളെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണൽ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. മലിനീകരണം തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യ-−ശ്രീലങ്ക ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കരുതായിരുന്നെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസം അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ നിർബന്ധിതരായിരുന്നു. ശ്രീലങ്കൻ ടീമിന്‍റെ പരാതിയെ തുടർന്നായിരുന്നു ഇന്ത്യ ഡിക്ലയർ ചെയ്തത്.

