യു.പി തിരഞ്ഞെടുപ്പ് : തന്റെ വോട്ട് പോലും കിട്ടിയില്ലെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി
ന്യൂഡൽഹി : ഉത്തർപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നതായ ആരോപണങ്ങൾ ഉയരുന്പോൾ അതിന് ആക്കം കൂട്ടി സ്വതന്ത്ര സ്ഥാനാർത്ഥി ശബ്നയുടെ പ്രസ്താവന. താൻ ചെയ്ത വോട്ട് പോലും തനിക്ക് ലഭിച്ചില്ലെന്ന ആരോപണവുമായാണ് ഉത്തർപ്രദേശിലെ സഹറാൻപൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ശബ്ന രംഗത്തെത്തിയിരിക്കുന്നത്. തന്‍റേയും ഭാര്യയുടേതുമടക്കം മൂന്ന് വോട്ടെങ്കിലും ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മാത്രം ഉണ്ടെന്നിരിക്കെ തങ്ങളുടെ കുടുംബാംഗങ്ങൾ വോട്ട് ചെയ്ത 388−ാം നന്പർ ബൂത്തിലെ വോട്ടിംഗ് മെഷീനിൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൽ ശബ്നയ്ക്ക് ഒറ്റ വോട്ട് പോലും രേഖപ്പെടുത്തിയതായി കണ്ടില്ലെന്ന് ശബ്നയുടെ ഭർത്താവ് ഇക്രാം പറയുന്നു.
വോട്ടിം് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണ് തങ്ങളുടെ വോട്ടുകൾ തട്ടിയെടുത്തതെന്നും തങ്ങൾക്ക് ചുരുങ്ങിയത് 900 വോട്ട് ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാനകിപുരം വാർഡിൽ നിന്ന് മത്സരിച്ച സമാജ് വാദി പാർടി സ്ഥാനാർത്ഥി അപൂർവ്വ വർമയ്ക്കും അവർ ചെയ്ത വോട്ടുപോലും ലഭിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് കാണിച്ചാണ് ബി.ജെ.പിയുടെ വിജയമെന്ന ആരോപണവുമായി നേരത്തെ ബി.എസ്.പി നേതാവ് മായാവതിയും സമാജ്്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു.

