ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിക്കുന്നവർക്ക് കാളവണ്ടിയിൽ പോകാം : മോദി
അഹമ്മദാബാദ് : കോൺഗ്രസ്സിന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 1.1 ലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിക്കുന്നവർക്ക് കാളവണ്ടിയിൽ പോകാമെന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ അദ്ദേഹം പരിഹസിച്ചു. ബുള്ളറ്റ് ട്രെയിൻ തുടങ്ങാൻ കോൺഗ്രസ്സിന് ആദ്യം പദ്ധതിയുണ്ടായിരുന്നവെന്നും എന്നാൽ അത് യാഥാർത്ഥ്യമാക്കുന്നതിൽ പരാജയപ്പെട്ടതാണ് അവർ എതിർക്കാൻ കാരണമെന്നും മോഡി കൂട്ടിച്ചേർത്തു. ഒരു നേട്ടവും സ്വന്തമില്ലാതിരിക്കെ, മറ്റുള്ളവർ ചെയ്യുന്നത് കണ്ട് വേദനിക്കുന്നത് എന്തിനാണെന്നും തന്റെ ഒരേയൊരു സങ്കടമാണിതെന്നും മോഡി കൂട്ടിച്ചേർത്തു.
ബുള്ളറ്റ് ട്രെയിൻ വരുന്നത് രാജ്യത്ത് നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെഹ്റു–ഗാന്ധി കുടുംബത്തെ അദ്ദേഹം വിമർശിച്ചു. ഗുജറാത്തികളാണെന്ന് പറയുന്പോഴും ഇവർ ഗുജറാത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭാവ്നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തുസർവ്വീസ് (റോ റോ– റോൾ ഓൺ, റോൾ ഓഫ്) കോൺഗ്രസ്സിന്റെ ചിന്തയിൽ പോലുമുണ്ടായിരുന്നില്ല. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കടത്താണിത്. ഗോഗയിൽനിന്നു ദഹേജിലേക്കുള്ള റോഡ് ദൂരം 360 കിലോമീറ്ററാണ്. റോ റോ യാഥാർത്‍ഥ്യമാകുന്നതോടെ കടലിലൂടെ ദൂരം 30 കിലോമീറ്ററായി കുറയും. യാത്രാസമയം ഒരു മണിക്കൂറായും. എന്നാൽ, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും ജനങ്ങൾക്കിടയിലും വിഭജനമുണ്ടാക്കുകയാണ് കോൺഗ്രസ് ഇക്കാലത്തിനിടെ ചെയ്തത്.
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ വന്നതോടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. താൻ മുഖ്യമന്ത്രിയായിരിക്കെ അവർ ഉപദ്രവിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. മുസ്‍ലിം ഭൂരിപക്ഷ ജില്ലകളായ കച്ചിലും ബറൂച്ചിലുമാണ് ബി.ജെ.പി ഭരണകാലത്ത് ഏറ്റവുമധികം വികസനമുണ്ടായത്. സർദാർ വല്ലഭായ് പട്ടേലിന്റെ കൂറ്റൻ പ്രതിമ അനാവരണം ചെയ്യുന്നതോടെ പ്രദേശത്തിന്റെ വികസനം കുതിക്കും. വിദേശികളെ കൂടുതലായി ആകർഷിക്കാനാകും.
ഗുജറാത്ത് തീരത്ത് 1300 ചെറുദ്വീപുകൾ വികസിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ പലതും സിംഗപ്പൂരിനേക്കാൾ വലുതായിരിക്കും. ഗുജറാത്തിന്റെ നല്ല ഭാവിക്കായി എല്ലാവരും ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും മോഡി അഭ്യർത്ഥിച്ചു.

