കേസ് പരിഗണിക്കുന്നതിൽ കാലതാമസം നേരിട്ടു : ക്ഷമാപണം നടത്തി സുപ്രീംകോടതി
ന്യൂഡൽഹി : കേസ് പരിഗണിക്കുന്നതിൽ കാലതാമസം നേരിട്ടതിന് സുപ്രീംകോടതിയുടെ ക്ഷമാപണം. ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, എസ്.കെ കൗൾ എന്നിവരുടെ ബെഞ്ചാണ് കോടതിയിൽ ക്ഷമാപണം നടത്തിയത്. ഉത്തരാഖണ്ധിൽ നിന്നുള്ള കേസന്വേഷണയുമായി ബന്ധപ്പെട്ട് 2009ൽ സമർപ്പിച്ച ഹർജി ഇതുവരെ പരിഗണിക്കാതിരുന്ന സംഭവത്തിലാണ് സുപ്രീംകോടതിയുടെ ക്ഷമാപണം.
ഉത്തരാഖണ്ധ് സ്വദേശി ശ്യാമ 2004ൽ നൽകിയ കേസിലാണ് സുപ്രീംകോടതിയുടെ അസാധാരണ നടപടി. തന്റെ പേരിലുള്ള കട സഹോദരന്മാർ തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് ശ്യാമ പരാതി നൽകിയത്. ശ്യാമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജരേഖകളുണ്ടാക്കിയതിനു സഹോദരന്മാർക്കെതിരേ ഹരിദ്വാർ പോലീസ് കേസെടുത്തു. വ്യാജമായി ഉണ്ടാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ സ്ത്രീയെ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് സഹോദരനും പോലീസിൽ പരാതി നൽകി.
എന്നാൽ, രേഖകൾ യഥാർത്ഥമാണോ എന്നു പരിശോധിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആഗ്രയിലെ ഫോറൻസിക് ലബോറട്ടറി അധികൃതർ സ്ഥലത്തെത്തിയെങ്കിലും പ്രാദേശിക കോടതി അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് രേഖകൾ വ്യാജമായി ഉണ്ടാക്കിയതാണെന്ന വാദത്തിനു തെളിവില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടെഴുതി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെയും സിവിൽ കോടതിയുടെ ഉത്തരവിനെയും ചോദ്യം ചെയ്ത് ശ്യാമ സെഷൻസ് കോടതിയിൽ ചോദ്യം ചെയ്തു. സെഷൻസ് കോടതി തുടരന്വേഷണത്തിനായി റൂർക്കിയിലെ ജുഡീഷൽ മജിസ്ട്രേറ്റിനു കൈമാറി. ജുഡീഷൽ മജിസ്ട്രേറ്റ് നൽകിയ നിർദ്ദേശ പ്രകാരം പോലീസ് മറ്റൊരു അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതേസമയം, തുടരന്വേഷണം നടത്താനുള്ള സെഷൻസ് കോടതി ഉത്തരവിനെതിരേ സഹോദരൻ നൽകിയ പരാതിയിൽ ഉത്തരാഖണ്ധ് ഹൈക്കോടതി ഈ നടപടി തടഞ്ഞു. ഹൈക്കോടതി ഉത്തരവിലെ നിയമസമസ്യ ചൂണ്ടിക്കാട്ടി ശ്യാമ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

