എല്ലാ വ്യക്തികൾക്കും നിശബ്ദരായിരിക്കാൻ അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : സുനന്ദ പുഷ്കർ മരിച്ച കേസ് സംബന്ധിച്ച വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതിൽനിന്നു മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെയും അദ്ദേഹത്തിന്റെ റിപ്പബ്ലിക് ടിവിയെയും വിലക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. വാർത്ത പ്രക്ഷേപണം ചെയ്യുന്നതു തടയാതിരുന്ന കോടതി, വിഷയത്തിൽ നിശബ്ദത പാലിക്കാനുള്ള തരൂരിന്റെ അവകാശത്തെ മാനിക്കണമെന്നും നിർദേശിച്ചു. ശശി തരൂരിന്റെ ഹർജി തള്ളി ജസ്റ്റിസ് മൻമോഹനാണ് അർണബിനും ടിവിക്കും ഇങ്ങനെ നിർദേശം നൽകിയത്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏതു വാർത്ത നൽകിയാലും തരൂരിന്റെ അഭിപ്രായത്തിനായി മുൻകൂട്ടി നോട്ടിസ് നൽകണമെന്നും അർണബിനോടും ടിവിയോടും നിർദേശിച്ചിട്ടുണ്ട്.
എല്ലാ വ്യക്തികൾക്കും നിശബ്ദരായിരിക്കാൻ അവകാശമുണ്ട്. അവരെ നിർബന്ധിപ്പിച്ചു സംസാരിപ്പിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വിചാരണ നടക്കുന്ന ഘട്ടത്തിലോ അന്വേഷണം നടക്കുന്ന ഘട്ടത്തിലോ ആണെങ്കിൽ മാധ്യമങ്ങൾക്ക് ഒരാളെയും കുറ്റക്കാരനാക്കാൻ കഴിയില്ല. വാർത്ത സംപ്രേഷണം ചെയ്യുന്നതിനു മുൻപു പ്രതികരണം തേടി തരൂരിന് നോട്ടിസ് നൽകണം. ആവശ്യമായ സമയം നൽകിയതിനുശേഷം അദ്ദേഹത്തിന്റെ മറുപടി സഹിതം വാർത്ത സംപ്രേഷണം ചെയ്യാം, കോടതി പറഞ്ഞു.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ഒട്ടേരെ ദുരൂഹതകളുണ്ടെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചിരുന്നു. തരൂരിനെ ക്രിമിനൽ എന്നും ചാനൽ അഭിസംബോധന ചെയ്തു. ഇതിനെതിരെ തരൂർ രണ്ടു കോടി രൂപയ്ക്കു മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. മൂന്നു വ്യത്യസ്ത അപേക്ഷകളാണു തരൂർ ഹർജിയിൽ സമർപ്പിച്ചിരുന്നത്. 2014 ജനുവരി 17ന് തെക്കൻ ഡൽഹിയിലെ ഒരു ഹോട്ടലിലാണു സുനന്ദ പുഷ്കറെ മരിച്ചനിലയിൽ കണ്ടെത്തിയത്.


