150 പേരെ കടലിൽനിന്നു രക്ഷപ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍പെട്ട 185 പേരില്‍ 150 പേരെ കടലിൽനിന്നു രക്ഷപ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ വാസുകി. 60 പേരെ ജാപ്പനീസ് കപ്പലാണ് രക്ഷപ്പെടുത്തിയത്. ഇരുപതു മുതല്‍ നാല്‍പ്പതു പേരെയാണ് ഇനി രക്ഷിക്കാനുള്ളതെന്നും കലക്ടര്‍ വ്യക്തമാക്കി. 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞതുകൊണ്ട് പലരും തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. ഇതില്‍ പലരേയും മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പലര്‍ക്കും സംസാരിക്കാനോ നടക്കാനോ കഴിയാത്ത സ്ഥിതിയാണ്.
കടല്‍ പ്രക്ഷുബ്ധമാണെന്നും എന്നാല്‍ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഹെലിക്കോപ്റ്ററിലടക്കമാണ് ആളുകളെ രക്ഷപ്പെടുത്തിയത്. അതേസമയം, തങ്ങളുടെ വള്ളങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന കാരണത്താല്‍ പലരും രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയാറാകാത്ത സ്ഥിതിവിശേഷവും ഉണ്ടായി. തൊഴിലാളികളെയെല്ലാം രക്ഷിച്ച ശേഷം വള്ളങ്ങള്‍ വീണ്ടെടുക്കുമെന്നും അതിനാല്‍ രക്ഷാപ്രവര്‍ത്തകരുമായി ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.


