ഡൽഹിയിൽ പൊതു ജനസേവനം ഇനി വീട്ടുമുറ്റത്ത്
ന്യൂഡൽഹി : ഡൽഹിയിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഇനി വീട്ടുമുറ്റത്തെത്തും. ജാതി സർട്ടിഫിക്കറ്റ് മുതൽ ഡ്രൈവിംഗ് ലൈസൻസ് വരെയുള്ള 40തോളം സേവനങ്ങൾ പൊതുജനങ്ങൾക്ക് വീട്ടിലെത്തിക്കുവാൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. ഭരണനിർവ്വഹണം വീട്ടുപടിക്കലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നടപടിയെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. പദ്ധതി മൂന്ന് നാല് മാസത്തിനകം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 40 അവശ്യസേവനങ്ങളാണ് നൽകുന്നത്. ഇതിന് പുറമെ 30തോളം സേവനങ്ങളും ഓരോ മാസവും കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്.
ജാതി, വരുമാന, വിവാഹ, താമസസ്ഥലം തുടങ്ങിയവയുടെ സർട്ടിഫിക്കറ്റ്, പുതിയ ജലവിതരണ കണക്ഷൻ, ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷാ ഫോം, റേഷൻ കാർഡ്, ആർ.സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ആർ.സി ബുക്കിലെ വിലാസം മാറ്റൽ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുന്നത്.
ഡ്രൈവിംഗ് ലൈസൻസിംഗിന് സാധാരണ ഒരാൾക്ക് അപേക്ഷ നൽകണമെങ്കിൽ കൂടുതൽ ബയോമെട്രിക്ക് ഉപകരണങ്ങളും ക്യാമറയും മറ്റുമായി വീട്ടിലെത്തുമെന്നാണ് വാഗ്ദാനം. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം പദ്ധതി കൊണ്ടുവരുന്നത്. ഈ പദ്ധതി ഒരു സ്വകാര്യ ഏജൻസിക്ക് ഇത് നൽകുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.


