ഷീന ബോറ വധം : പീറ്റർ മുഖർജിക്കും പങ്കുണ്ടെന്ന് ഇന്ദ്രാണി മുഖർജി
മുംബൈ : മകളുടെ കാണാതാകലിലും മരണത്തിലും തന്റെ ഭർത്താവ് പീറ്റർ മുഖർജിക്ക് പങ്കുണ്ടാകാമെന്ന് ഷീന ബോറ വധക്കേസിലെ പ്രധാന പ്രതി ഇന്ദ്രാണി മുഖർജി. തന്റെ അറസ്റ്റിലേക്ക് നയിച്ച തെളിവുകൾക്കും സാക്ഷികൾക്കും പിന്നിൽ പീറ്ററായിരിക്കാമെന്നും ഇന്ദ്രാണി സി.ബി.ഐ കോടതിയിൽ മൊഴിനൽകി. പീറ്ററിന്റെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ചാൽ കേസിലെ മറ്റൊരു പ്രതിയും തങ്ങളുടെ ഡ്രൈവറുമായി ശ്യാംവർ റായിയുമായി പീറ്ററിനുണ്ടായിരുന്ന ബന്ധം തെളിയിക്കാൻ കഴിയുമെന്ന് പറഞ്ഞ ഇന്ദ്രാണി എന്നാൽ ഷീനയുടെ മരണത്തിൽ പൂർണമായി പീറ്ററിനെ കുറ്റപ്പെടുത്തിയില്ല. മാധ്യമസ്ഥാപനമായ സ്റ്റാർ ഇന്ത്യയുടെ മുൻ ചീഫ് എക്സിക്യൂട്ടീവായിരുന്നു പീറ്റർ മുഖർജി. ഇൻക്സ് മീഡിയ മുൻ ചീഫ് എക്സിക്യൂട്ടീവായിരുന്നു ഇന്ദ്രാണി മുഖർജി. ഇന്ദ്രാണിയും പീറ്ററും നേരത്തെ വേറെ വിവാഹം കഴിച്ചിരുന്നവരാണ്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ഷീന. ഷീന തന്റെ സഹോദരിയാണെന്നാണ് ഇന്ദ്രാണി പീറ്ററിനോട് പറഞ്ഞിരുന്നത്.
ഒരു വാഹനാപകടക്കേസിൽ അറസ്റ്റിലായ ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാം റായിയാണ് ഷീനയെ ഇന്ദ്രാണി വർഷങ്ങൾക്ക് മുന്പ് കൊലപ്പെടുത്തിയതായി പോലീസിനു മൊഴി നൽകിയത്. ഷീനയുടെ മൃതദേഹം മുംബൈയിൽനിന്ന് 84 കിലോമീറ്റർ അകലെ റായ്ഗഡിലെ വനത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാം പോലീസിനോട് പറഞ്ഞത്. 2012 ഏപ്രിൽ 24നായിരുന്നു ഷീനയുടെ കൊലപാതകം. മെയ് 23ന് ശരീരാവശിഷ്ടങ്ങൾ പോലീസിന് ലഭിച്ചു. അജ്ഞാതയുടെ കൊലപാതകമായി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 24−ാമത്തെ വയസ്സിലാണ് ഷീന കൊല്ലപ്പെട്ടത്. പീറ്റർ മുഖർജിയുടെ ആദ്യവിവാഹത്തിലുള്ള മകൻ രാഹുലുമായി ഷീന അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചിട്ടുമുണ്ട്. ഈ ബന്ധം ഇന്ദ്രാണി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും തുടർന്ന് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.


