സൈന്യത്തിന്‍റെ യുദ്ധനീക്കത്തിൽ കാതലായ മാറ്റം വരുത്തും : കരസേനാ മേധാവി
ഭോപ്പാൽ : സൈന്യത്തിന്‍റെ യുദ്ധനീക്കത്തിൽ കാതലായ മാറ്റം വരുത്തുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. വടക്ക്, പടിഞ്ഞാറൻ അതിർത്തികളിൽ ടാങ്കുകൾ ഉൾപ്പെടെയുള്ള സായുധവാഹനങ്ങൾ ഉപയോഗിക്കും. ഭാവിയിലെ പോരാട്ടങ്ങൾ സങ്കീർണമായിരിക്കും. അതിനായി സൈന്യത്തെ ശക്തമാക്കേണ്ട ആവശ്യകതയുണ്ട്. ഭാവിയിലെ യുദ്ധവാഹനങ്ങളെ സംബന്ധിച്ചുള്ള സെമിനാറിൽ പ്രസംഗിക്കവേ കരസേനാ മേധാവി പറഞ്ഞു.
താർ മരുഭൂമിയുടെ ചില ഭാഗങ്ങളിലൂടെയുള്ള സൈനിക നീക്കങ്ങൾ ഇപ്പോഴും കഠിനമാണെന്ന് പറഞ്ഞ അദ്ദഹം ചിലയിടങ്ങളിൽ ജലസേചന പ്രവർത്തനത്തിലൂടെ പച്ചപ്പ് പടർന്നിട്ടുണ്ടെന്നും ജലസേചനത്തിനായി കനാലുകൾ വന്നതിനാൽ, സൈനിക യുദ്ധവാഹനങ്ങൾ കടന്നു പോകാൻ ശേഷിയുള്ള പാലങ്ങൾ നിർമ്മിക്കേണ്ട ആവശ്യകതയുണ്ടെന്നും വ്യക്തമാക്കി.
ഭാവിയിൽ കവചിത യുദ്ധവാഹനങ്ങൾ തെക്ക്, പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിക്കേണ്ടതായി വരും. അതിനാൽ, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


