ചെന്നൈയിൽ കനത്ത മഴയ്ക്ക് സാധ്യത : സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ചെന്നൈ : കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ചെന്നൈയിലെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതൽ ചെന്നൈയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. ചെന്നൈയ്ക്ക് പുറമേ തീരദേശ മേഖലകളായ കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2015ൽ ഉണ്ടായ മഴക്കെടുതിയുടെ ഭീതി നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രതാനിർദ്ദേശമാണ് ചെന്നൈയിൽ നൽകിയിരിക്കുന്നത്. ശക്തമായി മഴ പെയ്താൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകും. എന്നാൽ, കാലവർഷം നേരിടാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി അറിയിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച 434 കോടി രൂപയുടെ വാട്ടർ ഡ്രെയിൻ പദ്ധതി അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.


