എരുമേലി വികസനത്തിന് എട്ട് കോടി കേന്ദ്രം അനുവദിച്ചു
എരുമേലി: എരുമേലി പട്ടണത്തിന്റെ വികസനത്തിനായി കേന്ദ്ര ഫണ്ടിൽ എട്ട് കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. പട്ടണം മാലിന്യമുക്തമാക്കാൻ കർമ്മ പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എരുമേലി വലിയന്പലം, മസ്ജിദ് എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യഘട്ടമായി 2.67 കോടിയുടെ പ്രവർത്തനങ്ങളാണ് നടത്തുക. അടുത്ത ജനുവരിയോടെ പദ്ധതികൾക്ക് തുടക്കമാവും. ഇൻഫർമേഷൻ സെന്റർ നിർമാണത്തിന് 45 ലക്ഷമാണ് ചെലവിടുക. 40 ശുചിമുറികൾക്ക് 90 ലക്ഷവും ശുദ്ധജല പദ്ധതിക്ക് എട്ട് ലക്ഷവും മുടക്കും. അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അഞ്ച് ലക്ഷം, വൈദ്യുതികരണം 15 ലക്ഷം, സിസിടിവി സ്ഥാപിക്കലിനു മൂന്ന് ലക്ഷം, ഡിസ്പ്ലേ ബോർഡുകൾക്ക് അഞ്ചു ലക്ഷം എന്നിങ്ങനെ ചെലവാക്കും. ദേവസ്വം ബോർഡിന്റെ മൂന്ന് പാർക്കിംഗ് മൈതാനങ്ങളിലും ഇന്റർലോക്ക് ടൈലുകൾ പാകും. നടപ്പന്തലിലെ തെന്നൽ ഒഴിവാക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എൻ.ഹരി, സെക്രട്ടറി കെ.പി.സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം നോബിൾ മാത്യു, പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. കൃഷ്ണകുമാർ, അനിയൻ എരുമേലി തുടങ്ങിയവർ അൽഫോൻസ് കണ്ണന്താനത്തിനൊപ്പമുണ്ടായിരുന്നു.


