വിജയവാഡ ബോട്ടപകടം : 16 മരണം, 10 പേരെ കാണാതായി
വിജയവാഡ : ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 16 പേർ മരിച്ചു. 10 പേരെ കാണാതായി. പവിത്ര സംഗമത്തിനായി വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ബോട്ട് ഇന്നലെ വൈകീട്ടാണ് മറിഞ്ഞത്. 38 യാത്രക്കാരുമായി കൃഷ്ണ നദിയിലെ ഭവാനി ദ്വീപിൽ നിന്നാണ് യാത്ര ആരംഭിച്ചത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.
ബോട്ട് കൃഷ്ണ, ഗോദാവരി നദികളുടെ സംഗമസ്ഥാനത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികൾ 12 പേരെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.
പവിത്ര ആരതി കാണാനായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിവസവും തോറും ഇവിടെയെത്താറുള്ളത്. വിനോദസഞ്ചാരികളിൽ ഏറെയും ഓങ്കോൾ, പ്രകാശം ജില്ലകളിൽ നിന്നുള്ളവരായിരുന്നു. സിംപിൾ വാട്ടർ സ്പോർട് എന്ന സ്വകാര്യ ഏജൻസിയുടേതാണ് അപകടത്തിൽപ്പെട്ട ബോട്ട്.


