നോട്ട് അസാധുവാക്കലിനെപ്പറ്റി അറിയില്ല ; 200 രൂപ നോട്ടുകൾ ഉടൻ : കേന്ദ്ര ധനസഹമന്ത്രി
ന്യൂഡൽഹി : കേന്ദ്ര സർക്കാർ വീണ്ടും നോട്ട് അസാധുവാക്കലിന് തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാർ ഗൻവാർ. പുതിയ 200 രൂപയുടെ നോട്ടുകൾ ഉടൻ വിപണിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതിൽ കുറവു വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടത് റിസർവ് ബാങ്ക് (ആർബിഐ) ആണെന്നും അദ്ദേഹം വ്യക്തമാക്കി.
2000 രൂപ നോട്ട് അച്ചടി നിർത്തിയതിൽ രാജ്യസഭയിൽ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി അരുൺ ജയ്റ്റ്ലി മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അഞ്ചുമാസം മുൻപേ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയെന്നും 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധ്യതയുണ്ടെന്നുമാണു റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.
2016 നവംബർ എട്ടിനാണ് 500,1000 രൂപ നോട്ടുകൾ സർക്കാർ അസാധുവാക്കിയത്. പകരം അച്ചടിച്ച പുതിയ 2000 രൂപ നോട്ടുകൾ മുഴുവനും വിതരണം ചെയ്തിട്ടുമില്ല. ഇതിനിടെ, പുതിയ 200 രൂപ നോട്ടുകൾ മൈസൂരുവിലെ ആർബിഐ പ്രസിൽ അച്ചടി തുടങ്ങിയെന്ന കാര്യംസന്തോഷ് കുമാർ ഗൻവാർ സ്ഥിരീകരിച്ചു. അടുത്ത മാസത്തോടെ ഇവ വിതരണത്തിനെത്തുമെന്നാണ് കരുതുന്നത്. പുതിയ 200 രൂപ നോട്ടുകൾ വരുന്നതോടെ 2000 രൂപ നോട്ടുകൾ പിൻവലിക്കാനാണു സർക്കാർ പദ്ധതിയിടുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.

