ഇന്ത്യ – ചൈന അതിർത്തിയിൽ 27 റോഡുകൾ പൂർത്തിയായി : 46 റോഡുകൾ 2022 ഡിസംബറോടെ പൂർത്തിയാക്കും


ന്യൂഡൽഹി : ഇന്ത്യ–ചൈന അതിർത്തിയിൽ 73 റോഡുകൾ നിർമിക്കാനാണ് അനുമതി ലഭിച്ചതെന്നും ഇതിൽ 27 എണ്ണത്തിന്റെ ജോലികൾ പൂർത്തിയായെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബഹ്മ്ര ലോക്സഭയെ അറിയിച്ചു. അവശേഷിക്കുന്ന 46 റോഡുകളുടെ ജോലികൾ 2022 ഡിസംബറോടെ പൂർത്തിയാക്കുമെന്നും വനം, വന്യജീവി, പരിസ്ഥിതി വകുപ്പുകളുടെ അനുമതി ലഭിക്കാത്തതാണ് റോഡുകളുടെ ജോലി വൈകാൻ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുകൂടാതെ, ശക്തമായ പാറകൾ, കാലാവസ്ഥ പ്രശ്നങ്ങൾ, ഭൂമി അനുവദിക്കുന്നതിനുള്ള കാലതാമസം, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയും റോഡ് ജോലികൾ വൈകാൻ കാരണമാകുന്നു. ഇന്ത്യ–ചൈന അതിർത്തിയിലൂടെ നിർണായകമായ നാല് റയിൽവേ ലൈനുകൾക്ക് അനുമതി ലഭിച്ചുവെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.

അതിർത്തിയിൽ ചൈന നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യ ബോധവാൻമാരാണെന്നും എല്ലാ സംഭവങ്ങളും സർക്കാർ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സിക്കിം മേഖലയിലെ ദോക് ലായിൽ ഒരുമാസത്തിലധികമായി ഇന്ത്യ – ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്. ദോക് ലായിലെ ചൈനയുടെ റോഡുനിർമാണം ഇന്ത്യ തടഞ്ഞതാണു സംഘർഷങ്ങൾക്കു തുടക്കം. ഈ സംഭവങ്ങൾക്കിടെയാണ് അതിർത്തിയിലെ റോഡ് ജോലികളുമായി ബന്ധപ്പെട്ട വിവരം ലോക്സഭയിൽ ഉന്നയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed