നടിയെ തട്ടികൊണ്ടുപോയ കേസിലെ കോടതി നടപടികൾ ഇനി രഹസ്യം


കൊച്ചി : നടിയെ തട്ടികൊണ്ടുപോയ കേസിലെ കോടതി നടപടികൾ ഇനി രഹസ്യം. കേസിൽ കോടതി നടപടികൾ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലാണു അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തത്. മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു കോടതി തീരുമാനമറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി മാധ്യമപ്രവർത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണു നടപടികൾ തുടർന്നത്.

നടിയെ ഉപദ്രവിച്ച കേസ് ന്യൂഡൽഹിയിലെ നിർഭയ കേസിനെക്കാൾ ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാൻ തുറന്ന കോടതിയിലെ നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നും പ്രോസിക്യൂഷൻ അഭ്യർഥിച്ചു. തുറന്ന കോടതിയിലെ നടപടിക്രമങ്ങൾ കേസിനെയും ഇരയെയും ബാധിക്കുമെന്നും അറിയിച്ചു.

നടി മജിസ്‌ട്രേറ്റ് മുൻപാകെ നൽകിയ രഹസ്യമൊഴി പ്രതിഭാഗത്തിനു നൽകരുതെന്നും രഹസ്യസ്വഭാവമുള്ള രേഖകൾ പുറത്തുവരുന്നതു ഗുരുതരപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അക്രമണത്തിനിരയായ നടിയുടെ അഭിമാനവും സുരക്ഷയും സർക്കാരിന്റെ ചുമതലയാണ്. ആ സാമൂഹിക ഉത്തരവാദിത്തം പ്രോസിക്യൂഷനുണ്ടെന്നു സ്പെഷൽ പ്രോസിക്യൂട്ടർ പറഞ്ഞു. ഗൂഢാലോചനയിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ഇനി പൊതുജനത്തിനോ മാധ്യമങ്ങൾക്കോ മറ്റ് അഭിഭാഷകർക്കോ പ്രവേശനമുണ്ടാകില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed