കാർഗിൽ വിജയ വാർഷിക ദിനത്തിൽ ജവാന്മാരെ സ്മരിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി : കാർഗിൽ യുദ്ധവിജയത്തിന്റെ 17–ാം വാർഷിക ദിനത്തിൽ ജവാന്മാരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "രാജ്യത്തിന്റെ അഭിമാനം ധീരതയോടെ ഉയർത്തിപ്പിടിച്ചവരാണു കാർഗിലിലെ സൈനികർ. രാജ്യത്തിനും ജനങ്ങൾക്കും യുദ്ധസമയത്ത് അവർ മികച്ച സുരക്ഷയൊരുക്കി. ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് എന്താണെന്നു കാർഗിൽ വിജയദിനം എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. സൈന്യം ദൃഢചിത്തരായി രാജ്യത്തെ ഇപ്പോഴും സുരക്ഷിക്കുന്നു."- മോദി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രാജ്നാഥ് സിങ് തുടങ്ങിയവരും കാർഗിൽ വിജയദിനത്തിൽ സേനയെ അഭിനന്ദിച്ചു. സൈനിക മേധാവികൾ ഉൾപ്പെടെയുള്ളവർക്കൊപ്പം ഡൽഹിയിലെ അമർ ജവാൻ ജ്യോതിയിലെത്തി പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി ആദരാഞ്ജലി അർപ്പിച്ചു.
മാസങ്ങൾക്കുമുൻപ് തുടങ്ങിയ പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി 1999ലാണ് ഇന്ത്യന്‍ പട്ടാളത്തിനു വിവരം കിട്ടുന്നത്. അപ്പോഴേക്കും പാക്ക് സൈന്യം അതിര്‍ത്തിക്കിപ്പുറത്തു ശക്തമായി നിലയുറപ്പിച്ചിരുന്നു. തുടര്‍ന്നുനടന്ന അതിശക്തമായ ഏറ്റുമുട്ടൽ 50 ദിവസം നീണ്ടു. ഒടുവിൽ പരാജയം സമ്മതിച്ച പാക്കിസ്ഥാൻ പിൻമാറി. 1999 ജൂലൈ 26ന് യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. കാര്‍ഗിലിൽ വിജയം കുറിച്ച ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കാന്‍ തുടങ്ങി.
ഓപ്പറേഷന്‍ ‘വിജയ്’ എന്ന് പേരിട്ട ഈ യുദ്ധത്തില്‍ രാജ്യത്തിന് 527 ധീര ജവാന്മാരെ നഷ്ടമായി. പാക്കിസ്ഥാന്‍റെ ഭാഗത്തും വന്‍നാശം സംഭവിച്ചു. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക്ക് പട്ടാളം നിഷേധിച്ചു. ഇന്ത്യൻ സേനയുടെ അഭിമാനമാണ് കാർഗിലിലെ യുദ്ധവിജയം.

