ഭൂമി അധികാര്‍ ആന്ദോളന്റെ നേതൃത്വത്തിൽ ഈ മാസം 16 ന് രാജ്യവ്യാപകമായി റെയിൽ, റോഡ് ഉപരോധം
ന്യൂഡൽഹി : ഈ മാസം 16 ന് രാജ്യവ്യാപകമായി റെയിൽ, റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധ സമരത്തിന് ഭൂമി അധികാര്‍ ആന്ദോളൻ ആഹ്വാനം നല്‍കി. കാര്‍ഷിക കടങ്ങൾ എഴുതിതള്ളുക, താങ്ങുവില പ്രഖ്യാപിക്കുക, വിളകള്‍ക്ക് മികച്ച വില ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കർഷക സമരത്തിന് ഭൂമി അധികാര്‍ ആന്ദോളനാണ് നേതൃത്വം നൽകുന്നത്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പ്രകാരം ഉൽപാദന ചെലവിന്റെ 50 ശതമാനത്തില്‍ കുറയാത്ത, താങ്ങുവില പ്രഖ്യാപിക്കുക, കർഷകർക്ക് സമഗ്ര വായ്പ എഴുതിത്തള്ളൽ, കന്നുകാലി വിജ്ഞാപനം പിൻവലിക്കുക, ആറ് കർഷകരുടെ കൊലപാതകത്തിന് ഉത്തരവാദിയായ മധ്യപ്രദേശ് മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ അഞ്ചോളം ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.
ന്യൂഡൽഹിയിൽ ചേർന്ന 62 കർഷക സംഘടനകളുടെ യോഗമാണ് പ്രതിഷേധ സമരത്തിന് രൂപംനൽകിയത്. സമരത്തിന് മുന്നോടിയായി 14ന് പ്രകടനങ്ങൾ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

