പാകിസ്ഥാനിലെ കുഞ്ഞിന് ചികിത്സ ഇന്ത്യയിൽ
ന്യൂഡൽഹി : പാക് പൗരന്റെ രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിന് ഇന്ത്യയിൽ ചികിത്സ. പാക് പൗരനായ കെൻ സിദിന്റെ മകൻ രോഹനാണ് ഹൃദയ ശസ്ത്രക്രിയയ്ക്കായി ഡൽഹിയിലെ ജെയ്പീ ആശുപത്രിയിൽ എത്തിയത്. രോഹന്റെ ഹൃദയത്തിലുള്ള ദ്വാരം അടയ്ക്കുന്നതിനാണ് ശസ്ത്രക്രിയ. കുഞ്ഞ് ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വാഗ അതിർത്തി വഴിയാണ് രോഹൻ രക്ഷിതാക്കൾക്കൊപ്പം ഇന്ത്യയിൽ എത്തിയത്.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലാണ് ഇന്ത്യയിലേയ്ക്ക് കുഞ്ഞിന് നാലുമാസത്തേക്ക് മെഡിക്കൽ വിസ അനുവദിക്കാൻ കാരണമായത്. കെൻ സിദ് തന്റെ മകൻ രോഹന് പാകിസ്ഥാനിൽ ചികിത്സയ്ക്ക് സൗകര്യമില്ലെന്നും ഇന്ത്യയിലെത്തി ഹൃദയ ശസ്ത്രക്രിയ നടത്താൻ വിസ പ്രശ്നമായിരിക്കുകയാണെന്നുമുള്ള വിവരം സുഷമയുടെ ശ്രദ്ധയിൽ പെടുത്തി. മെഡിക്കൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത സുഷമ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ ബന്ധപ്പെടാനും നിർദ്ദേശിച്ചു. കെൻ സിദ് അങ്ങനെ ചെയ്തപ്പോൾ അവർക്ക് കുഞ്ഞുമായി ഇന്ത്യയിലേക്ക് വരാൻ ഉടനെ മെഡിക്കൽ വിസ അനുവദിക്കുകയായിരുന്നു. കുഞ്ഞിന്റെ പിതാവ് ട്വിറ്ററിലൂടെ പ്രശ്നങ്ങൾ സുഷമയെ അറിയിച്ചതിനെ തുടർന്നാണ് മെഡിക്കൽ വീസ അനുവദിച്ചത്.

