എസ്.ജി.എഫ് വിദ്യാർത്ഥി ശാക്തീകരണ പരിപാടിയും 'സർഗസന്ധ്യ' സാംസ്കാരിക സന്ധ്യയും നവംബർ 7-ന്
പ്രദീപ് പുറവങ്കര
മനാമ: സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം (എസ്.ജി.എഫ്), കേരള കാതലിക് അസോസിയേഷൻ (കെ.സി.എ), സോപാനം വാദ്യകലാ സംഘം ബഹ്റൈൻ, ഫീനിക്സ് എഡി പാർക്ക് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി ശാക്തീകരണ പരിപാടിയും 'സർഗസന്ധ്യ' സാംസ്കാരിക സന്ധ്യയും 2026 നവംബർ 07 ശനിയാഴ്ച കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രവേശനം സൗജന്യമായിരിക്കും.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി "സ്വന്തമാക്കാം പരീക്ഷയെ" (OWN YOUR EXAM) എന്ന പ്രമേയത്തിൽ പരീക്ഷാ പരിശീലനവും ഉപരിപഠന-കരിയർ മാർഗ്ഗനിർദ്ദേശ സെഷനും വിദഗ്ദ്ധർ നയിക്കും. പരീക്ഷാസമ്മർദ്ദം, ഭയം, നെഗറ്റീവ് ചിന്തകൾ എന്നിവ അതിജീവിച്ച് ആത്മവിശ്വാസത്തോടെയും വൈകാരിക സന്തുലിതാവസ്ഥയോടെയും പരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന മനഃശാസ്ത്രാധിഷ്ഠിത പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വൈകുന്നേരം 6:30 മുതൽ പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക സന്ധ്യയും നൃത്തപരിപാടികളും അരങ്ങേറും. സോപാനം വാദ്യകലാ സംഘം ഡയറക്ടറും മേളകലാരത്നവുമായ ശ്രീ സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ അവതരിപ്പിക്കുന്ന "ആരുദ്ര" ഗ്രാൻഡ് ഫ്യൂഷൻ മ്യൂസിക്കൽ കൺസേർട്ട് പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. പരമ്പരാഗത കേരളീയ വാദ്യകലകളുടെയും ആധുനിക സംഗീതത്തിന്റെയും മനോഹരമായ സമന്വയമാണ് ഈ ഫ്യൂഷൻ വിരുന്നിൽ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര മെഡിക്കൽ ദിനാചരണത്തോടനുബന്ധിച്ച് സമൂഹത്തിന് മികച്ച സേവനം നൽകുന്ന മെഡിക്കൽ-ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.
ഏകദേശം 500-ൽ പരം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.ജി.എഫ് ചെയർമാൻ എബ്രഹാം ജോൺ, ആരുദ്ര സോപാനം മ്യൂസിക്കൽ ബാൻഡ് ചെയർപേഴ്സൺ നിധി വിനോദ്, ജനറൽ കൺവീനർ ഡി. കൃഷ്ണകുമാർ, ചീഫ് കോഡിനേറ്റർ വിജയ കുമാർ പി., സോപാനം ചെയർമാൻ കെ.ആർ. ചന്ദ്രശേഖരൻ, കൗൺസിലർ വിമല തോമസ്, കെ.സി.എ പ്രതിനിധി ജീൻസ് ജോസഫ്, റെജീന ഇസ്മായിൽ, എലിസബ ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
csvcxx

