ചന്ദ്രശേഖരന്റെ രാജിക്ക് പിന്നാലെ പുതിയ ചെയർമാനായി സമിതി രൂപീകരിച്ച് ടാറ്റ ട്രസ്റ്റ്
ഷീബ വിജയൻ
മുംബൈ: ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെച്ച എൻ. ചന്ദ്രശേഖരന്റെ കാലാവധി 2027 ഫെബ്രുവരി 20ന് അവസാനിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പിൻഗാമിയെ തെരഞ്ഞെടുക്കാൻ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ സിർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് പ്രമേയം പാസാക്കി. ടാറ്റ സൺസിൽ ഏകദേശം 28% ഓഹരിയാണ് ഇവർക്കുള്ളത്.
കഴിഞ്ഞ ദശകത്തിൽ ടാറ്റ സൺസിനെയും ടാറ്റ ഗ്രൂപ്പിനെയും നയിക്കുന്നതിൽ ചന്ദ്രശേഖരൻ നൽകിയ സംഭാവനകളെയും നേതൃത്വത്തെയും ട്രസ്റ്റികൾ അഭിനന്ദിച്ചു. ടാറ്റ സൺസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും മൂല്യങ്ങൾക്കും ദീർഘകാല താൽപ്പര്യങ്ങൾക്കും അനുസൃതമായി, നേതൃത്വത്തിന്റെ സുഗമവും കൃത്യവുമായ മാറ്റം ഉറപ്പാക്കുന്നതിൽ ടാറ്റ സൺസിന് പൂർണ പിന്തുണ നൽകുമെന്ന് ട്രസ്റ്റ് കൂട്ടിച്ചേർത്തു.
അടുത്ത വർഷം തന്റെ കാലാവധി അവസാനിക്കുമ്പോൾ ടാറ്റ ഗ്രൂപ്പ് ഹോൾഡിങ് കമ്പനിയുടെ ചെയർമാനായി പുനർനിയമനത്തിന് താൻ ഇല്ലെന്ന് കാണിച്ച് ചന്ദ്രശേഖരൻ ടാറ്റ സൺസ് ബോർഡിന് കത്തയച്ച് ഒരു ദിവസത്തിന് ശേഷമാണ് എസ്.ഡി.ടി.ടിയുടെ ഈ പ്രസ്താവന വരുന്നത്. ഡയറക്ടറായി അദ്ദേഹത്തെ പുനർനിയമിക്കുന്നതിൽ ഓഹരി ഉടമകൾ വോട്ട് ചെയ്യാനിരുന്ന ടാറ്റ സൺസ് വാർഷിക പൊതുയോഗത്തിന് ആറ് ദിവസം മുമ്പാണ് ഈ പ്രഖ്യാപനം വന്നത്.
ോേോ്േോ്േ

