12,000 കോടിയുടെ 'കുഴിബോംബ്'! ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം, തകർന്ന് തരിപ്പണമായി ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ്വേ
ഷീബ വിജയൻ
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലേക്കുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറക്കുക എന്ന ലക്ഷ്യത്തോടെ 12,000 കോടി രൂപ ചിലവഴിച്ച് നിർമിച്ച ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ്വേ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ തകർന്നു. പാതയിൽ രൂപപ്പെട്ട രണ്ട് കൂറ്റൻ കുഴികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസും എ.എ.പിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഉത്തർപ്രദേശിലെ ശാംലിയിലുള്ള ഹാത്തി കരോഡ ഗ്രാമത്തിന് സമീപമുള്ള എക്സ്പ്രസ്വേയിലാണ് അപകടകരമായ രീതിയിൽ വലിയ കുഴികൾ രൂപപ്പെട്ടത്. പാതയിലൂടെ കടന്നുപോയ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നത്. ഈ കുഴികൾ കാരണം തന്റെ കൺമുന്നിൽ വെച്ച് നാലും അഞ്ചും വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായും, വേഗതയിൽ വന്ന രണ്ട് കാറുകളുടെയെങ്കിലും അലോയ് വീലുകൾ വളഞ്ഞുപോയതായും വീഡിയോ പങ്കുവെച്ചയാൾ പറയുന്നുണ്ട്. തകർന്ന അലോയ് വീലുകളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 14നാണ് 212 കിലോമീറ്റർ നീളമുള്ള ആറുവരിപ്പാത രാജ്യത്തിന് സമർപ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് കൃത്യം 79 ദിവസങ്ങൾ പിന്നിടുമ്പോഴാണ് റോഡിന്റെ ഈ ദയനീയ അവസ്ഥ പുറത്തുവന്നിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാസമയം 6 മണിക്കൂറിൽ നിന്ന് 2 മണിക്കൂറായി കുറച്ച ഈ എക്സ്പ്രസ്വേയിൽ വാരാന്ത്യങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാജാജി നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് പാതയാണ് ഹൈവേയുടെ പ്രധാന ആകർഷണം. വന്യജീവികൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ ഒരുക്കിയ ഈ പാത ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ എലവേറ്റഡ് വൈൽഡ്ലൈഫ് കോറിഡോറാണ്. എന്നാൽ, വൻ തുക മുടക്കി അഞ്ച് വർഷമെടുത്ത് നിർമിച്ച പാത, ആദ്യത്തെ മഴക്കാലം പോലും എത്തുന്നതിന് മുൻപ് തകർന്നത് പൊതുജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
റോഡിന്റെ നിർമാണ നിലവാരത്തെ ചോദ്യം ചെയ്ത് നിരവധി പേരാണ് പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. 650 രൂപ ടോൾ ടാക്സ് നൽകുകയും, 20% എഥനോൾ ചേർത്ത പെട്രോളിന് 110 രൂപ നൽകി വാങ്ങുകയും ചെയ്യുമ്പോഴും ജനങ്ങളുടെ ജീവന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണുള്ളത് എന്ന് വിമർശനം ഉയരുന്നു. റോഡ് തകർന്ന സംഭവം കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. പദ്ധതിയിൽ വൻതോതിൽ ഫണ്ട് വെട്ടിപ്പും അഴിമതിയും നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. അഴിമതിക്ക് ഇതിലും വലിയ എന്ത് തെളിവാണ് വേണ്ടത് എന്നും എല്ലാ വകുപ്പുകളിലും പരസ്യമായ കൊള്ളയാണ് നടക്കുന്നതെന്നും കോൺഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദ് ട്വീറ്റ് ചെയ്തു.
dfsvdsds

