പി.എം. ശ്രീയിൽനിന്ന് പിൻമാറില്ല; കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
ഷീബ വിജയൻ
കേന്ദ്രസർക്കാരിന്റെ വിവാദമായ പി.എം. ശ്രീ പദ്ധതിയിൽ കേരളം തുടരുമെന്നും എന്നാൽ അതിലെ ചില കരാർ വ്യവസ്ഥകളിൽ ഇളവുകൾ തേടുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഈ പദ്ധതിയിൽ ഒപ്പിട്ടത്. നിലവിൽ സംസ്ഥാനം ഈ പദ്ധതിയിൽ അംഗമായതിനാൽ ഇതിൽ തുടരാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായിരിക്കുകയാണ്. എന്നാൽ പദ്ധതിയിലെ കടുത്ത വ്യവസ്ഥകളിൽ ഇളവുകൾ നേടിയെടുക്കാനാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നത്. കരിക്കുലത്തിൽ കേന്ദ്രസർക്കാർ യാതൊരു കാരണവശാലും ഇടപെടരുത്, പദ്ധതി നടപ്പാക്കേണ്ട സ്കൂളുകൾ തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം സംസ്ഥാന സർക്കാരിന് വിട്ടുനൽകണം തുടങ്ങിയ പ്രധാന നിർദേശങ്ങൾ കേരളം കേന്ദ്ര സർക്കാരിന് മുന്നിൽ വെക്കും.
ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാരിന്റെ ആശയപരമായ നിലപാടുകൾ കേന്ദ്രത്തെ അറിയിക്കുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ ഒരു പ്രത്യേക മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ ഈ സമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ ഉപസമിതി ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ 2024-ൽ എൽ.ഡി.എഫ് സർക്കാർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഈ കരാറിൽ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതി വഴി ഇതിനകം തന്നെ 92 കോടിയിലധികം രൂപ സംസ്ഥാനം കൈപ്പറ്റിയിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്.
സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് കോട്ടം തട്ടാതെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് രാജ്യത്തെ മറ്റ് ബി.ജെ.പി ഇതര സംസ്ഥാന ഭരണകർത്താക്കളുമായി യോജിച്ച് മുന്നോട്ട് നീങ്ങാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കേന്ദ്രത്തെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ വി.ഡി. സതീശനും യു.ഡി.എഫും, എൽ.ഡി.എഫ് സർക്കാർ ഈ പദ്ധതിയിൽ ഒപ്പിട്ടതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
saadsadsads

