'ഹോപ്പി 'ന്റെ കനിവ്: ദുരിതത്തിലായ എറണാകുളം സ്വദേശിനി ജെസ്സി നാടണഞ്ഞു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ വീട്ടുജോലി ചെയ്ത് വരികയും പിന്നീട് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലാവുകയും ചെയ്ത എറണാകുളം സ്വദേശിനി ജെസ്സി കാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. മാസങ്ങളോളം ഭക്ഷണത്തിനും മരുന്നിനും പോലും വകയില്ലാതെ ബുദ്ധിമുട്ടിയ ഇവർക്ക് ബഹ്‌റൈനിലെ സാമൂഹിക കൂട്ടായ്മയായ 'ഹോപ്പ്' ആണ് തുണയായത്.
ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ജെസ്സി ഹോപ്പ് പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു. ഇവരുടെ സാഹചര്യം നേരിട്ട് ബോധ്യപ്പെട്ട പ്രവർത്തകർ അടിയന്തരമായി ഭക്ഷണ കിറ്റും ആവശ്യമായ മരുന്നുകളും എത്തിച്ചു നൽകി. തുടർന്ന് താൽക്കാലിക ആശ്വാസമെന്ന നിലയിൽ രണ്ട് മാസത്തെ ജോലിയും ഇവർക്കായി സംഘടിപ്പിച്ചു നൽകിയിരുന്നു.
എന്നാൽ ഇതിനിടെ ഉണ്ടായ ഒരു ബസ് അപകടം ജെസ്സിയുടെ പ്രവാസം വീണ്ടും ദുരിതത്തിലാക്കി. ബസിൽ നിന്നും ഇറങ്ങുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റതോടെ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയായി. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി ഇവർ വീണ്ടും ഹോപ്പിനെ സമീപിക്കുകയായിരുന്നു. ഇതറിഞ്ഞ ഒരു ഹോപ്പ് അംഗം തന്റെ സുഹൃദ് വലയത്തിലൂടെ ജെസ്സിക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സ്പോൺസർ ചെയ്തു.
ഹോപ്പ് പ്രവർത്തകർ നേരിട്ടെത്തിയാണ് ഇവരെ എയർപോർട്ടിൽ യാത്രയാക്കിയത്. കഷ്ടതകൾക്കിടയിൽ താങ്ങായി നിന്നവരോടുള്ള നിറഞ്ഞ നന്ദിയോടെയാണ് ജെസ്സി പ്രവാസലോകത്തോട് വിടപറഞ്ഞത്.
aa


