ഷെയ്ഖ് ഹസീനയുടെ വധശിക്ഷ തട്ടിപ്പ്; നിലപാട് വ്യക്തമാക്കി ഇന്ത്യ, കൈമാറാൻ ഒരു സാധ്യതയുമില്ല
ഷീബ വിജയ൯
ദില്ലി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി ഒരു തട്ടിപ്പാണെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശ് ഔദ്യോഗികമായി രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ പോലും കൈമാറാൻ കഴിയില്ലെന്ന നിലപാട് ഇന്ത്യ അറിയിക്കും.
നിലവിലെ സാഹചര്യത്തിൽ ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനേ ഇടയാക്കൂ എന്നും പ്രശ്നപരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. പ്രശ്നപരിഹാരത്തിനായി എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ താൻ തിരികെ പോകാൻ തയ്യാറാണെന്ന് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഷെയ്ഖ് ഹസീനയേയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഉടൻ കൈമാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം ഈ കുറ്റവാളികളെ കൈമാറണം. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഉടൻ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ബംഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് വേണ്ടി എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വധശിക്ഷാ ഉത്തരവിന് പിന്നാലെ ബംഗ്ലാദേശിൽ അക്രമണം വ്യാപകമാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
bvvbcvxbvcvcx
