വാങ്ചുക്കിന്റെ അറസ്റ്റ്: രാഹുലിൻ്റെ മൗനത്തെ ചോദ്യംചെയ്ത് ആം ആദ്മി, രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ്

ഷീബ വിജയൻ
ന്യൂഡൽഹി I ലഡാക് സമരനായകൻ സോനം വാങ്ചുക്കിന്റെ അറസ്റ്റിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതിൽ വിമർശനവുമായി ആം ആദ്മി പാർട്ടി(എഎപി). രാഹുൽ ഗാന്ധിയുടെ മൗനം ചോദ്യം ചെയ്ത എഎപി അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം പങ്കുവെച്ചാണ് രാഹുൽ ഗാന്ധി ബിജെപി ഏജന്റാണെന്ന് എഎപി വിമര്‍ശിച്ചത്. അതേസമയം എഎപിയുടെ വിമർശനത്തിന് ചുട്ടമറുപടിയുമായി കോൺഗ്രസ് രംഗത്ത് എത്തി. ബിജെപിയും ആർഎസ്എസും ചരട് വലിച്ചാണ് എഎപി ഉണ്ടായതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. 2018 ജൂലൈയിൽ ലോക്‌സഭയിൽ പ്രസംഗം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമാണ് എഎപി, എക്സില്‍ പോസ്റ്റ് ചെയ്തത്. 'ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടത്താനുള്ള ബിജെപിയുടെ തീരുമാനത്തിൽ രാഹുൽ ഗാന്ധി മൗനം പാലിച്ചു. ചില വിഷയങ്ങളിൽ മാത്രമേ ബിജെപിയെ രാഹുല്‍ ഗാന്ധി എതിർക്കുന്നുള്ളൂ എന്ന് വ്യക്തമായി. ബിജെപിക്കെതിരായ തരംഗം രാജ്യം മുഴുവൻ വീശുന്ന വിഷയങ്ങളിൽ അദ്ദേഹം അപ്രത്യക്ഷനാകുന്നു'- എഎപി എക്സില്‍ കുറിച്ചു.
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. ''അരവിന്ദ് കെജ്‌രിവാൾ ജി, നിങ്ങളുടെ പാർട്ടി തകർച്ചയുടെ വക്കിലാണ്. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ പാർട്ടിയുടെ അടിത്തറ തന്നെ ആർഎസ്‌എസാണ് സ്ഥാപിച്ചതാണ്'' കോൺഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവി സുപ്രിയ ശ്രീനേറ്റ് വ്യക്തമാക്കി.
ASSAS