എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം യേശുദാസിന്; ശ്വേത മോഹനും സായ് പല്ലവിക്കും കലൈമാമണി പുരസ്കാരം


ഷീബ വിജയൻ
ചെന്നൈ I കല, സാംസ്കാരിക രംഗത്തെ സംഭാവനകൾക്കായി നൽകുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങൾ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ അവാർഡുകളാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന് സമ്മാനിക്കും. സംഗീത മേഖലക്ക് യേശുദാസ് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം സമ്മാനിക്കുന്നത്. ഗായിക ശ്വേത മോഹൻ, നടി സായ് പല്ലവി എന്നിവർ കലൈ മാമണി പുരസ്കാരത്തിന് അർഹരായി. സായ് പല്ലവിക്ക് 2021ലെ കലൈ മാമണി പുരസ്കാരമാണ് ലഭിച്ചത്. 2023ലെ പുരസ്കാരത്തിനാണ് ശ്വേത അർഹയായത്. നടൻ എസ്.ജെ. സൂര്യ, സംവിധായകൻ ലിംഗുസ്വാമി, സെറ്റ് ഡിസൈനർ എം. ജയകുമാർ, സ്റ്റണ്ട് കൊറിയോഗ്രാഫർ സൂപ്പർ സുബ്ബരായൻ എന്നിവരും സായ് പല്ലവിക്കൊപ്പം 2021ലെ കലൈമാമണി പുരസ്കാരത്തിന് അർഹരായി.

നടന്മാരായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥൻ‌, ഗാനരചയിതാവ് വിവേക, പി.ആർ.ഒ ഡയമണ്ട് ബാബു, സ്റ്റിൽ ഫോട്ടോഗ്രാഫർ ലക്ഷ്മികാന്തൻ എന്നിവർക്ക് 2022ലെ കലൈമാമണി പുരസ്കാരം നൽകും. നടൻ മണികണ്ഠൻ‌, ജോർജ് മാരിയൻ, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പി.ആർ.ഒ നികിൽ മരുകൻ എന്നിവരാണ് ശ്വേത മോഹനൊപ്പം 2023ലെ അവാർഡ് പങ്കിടുക. അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക.

article-image

AERADFSDSF

You might also like

  • Lulu Exchange
  • Straight Forward

Most Viewed