കേരളത്തിൽ നിപ ബാധ ആവർത്തിക്കാം, പഴംതീനി വവ്വാലുകളിൽ 50 ശതമാനത്തോളം വൈറസ് വാഹകർ: മുൻ ആരോഗ്യ സെക്രട്ടറി
ശാരിക
തിരുവനന്തപുരം: കേരളത്തിൽ നിപ വൈറസ് ബാധ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ. നിലവിൽ രോഗവാഹകരായ പഴംതീനി വവ്വാലുകളിൽ 50 ശതമാനത്തോളം നിപ വൈറസ് ബാധയുണ്ടാകാമെന്നാണ് തന്റെ നിരീക്ഷണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം വർധിക്കുന്നതും ടെറോപസ് മീഡിയസ് വിഭാഗത്തിൽപ്പെടുന്ന പഴംതീനി വവ്വാലുകൾ വൈറസിന്റെ പ്രധാന വാഹകരായി തുടരുന്നതുമാണ് ആവർത്തനസാധ്യത വർധിപ്പിക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വവ്വാലുകൾ പരസ്പരം സമ്പർക്കത്തിലേർപ്പെടുമ്പോൾ വൈറസ് പകരുമെങ്കിലും ഇവ ചത്തുപോകുന്നില്ല. മറിച്ച്, വൈറസിന്റെ വാഹകരായി തുടർന്ന് മറ്റുള്ളവയിലേക്ക് രോഗാണു വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. മുൻപ് നടത്തിയ പരിശോധനകളിൽ വവ്വാലുകളിൽ 22 ശതമാനത്തോളം വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് സംസ്ഥാനത്ത് എല്ലാ വർഷവും നിപ കേസുകൾ ആവർത്തിച്ചേക്കാമെന്ന് വ്യക്തമാക്കുന്നത്.
നിപ കേസുകൾ കോഴിക്കോട് മാത്രമായി ഒതുങ്ങില്ലെന്നും ഇടുക്കി ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും രോഗബാധ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ രോഗബാധ സംബന്ധിച്ച വിവരങ്ങൾ സുതാര്യമായി പുറത്തുവിടുന്നതിനാലാണ് കേസുകൾ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്.
2018ലെ ആദ്യ നിപ ബാധയുടെ തുടക്കത്തിൽ രോഗവ്യാപനത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ 18 ദിവസം വൈകിയിരുന്നു. രോഗമരണനിരക്ക് 70 മുതൽ 100 ശതമാനം വരെയാകാമെന്നതിനാൽ വലിയ ആശങ്കയുണ്ടായിരുന്നു. മലബാറിൽ 254 കേസുകൾ വരെ ഉണ്ടായേക്കാമെന്ന അനുകരണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 300 രോഗികളെ വരെ ചികിത്സിക്കാനുള്ള തയ്യാറെടുപ്പുകൾ അന്ന് നടത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ടി.പി. രാമകൃഷ്ണൻ എം.എൽ.എയും നിർണായക പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിപ അനുഭവത്തിൽനിന്ന് രണ്ട് പ്രധാന പാഠങ്ങളാണ് പഠിക്കാനായതെന്ന് രാജീവ് സദാനന്ദൻ പറഞ്ഞു. രോഗനിരീക്ഷണ സംവിധാനവും സർക്കാർ ആശുപത്രികളിലെ അണുബാധ നിയന്ത്രണവും ശക്തമാക്കേണ്ടതുണ്ട്. തലച്ചോറുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുമായി എത്തുന്ന യുവാക്കളിൽ നിപ പരിശോധന നടത്തണമെന്ന നിർദേശം കൃത്യമായി പാലിക്കപ്പെടാത്തതും ആശുപത്രികളിലെ അണുബാധ നിയന്ത്രണത്തിലെ പോരായ്മകളും അന്ന് രോഗവ്യാപനത്തിന് കാരണമായെന്നും അദ്ദേഹം വിലയിരുത്തി.
്ു്ു

