നിയമലംഘനം: 574 പ്രവാസികളെ നാടുകടത്തി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി


പ്രദീപ് പുറവങ്കര

മനാമ: തൊഴിൽ നിയമലംഘനങ്ങളെ തുടർന്ന് പിടിയിലായ 574 പ്രവാസികളെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നാടുകടത്തി. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇവർ പിടിയിലായത്. തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും സുതാര്യതയും മത്സരക്ഷമതയും ഉറപ്പുവരുത്തുന്നതിനുമായി എൽ.എം.ആർ.എ സ്ഥിരമായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

ഒക്ടോബർ മാസത്തിൽ മാത്രം 3,692 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിൽ നിയമവിരുദ്ധമായി ജോലി ചെയ്ത 62 പുതിയ തൊഴിലാളികളെക്കൂടി കണ്ടെത്തിയിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഇവരെയും നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധന വേളയിൽ എൽ.എം.ആർ.എ നിയമങ്ങളും രാജ്യത്തെ ഐഡന്റിറ്റി കാർഡ് നിയമങ്ങളും ലംഘിച്ച നിരവധി സംഭവങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്.

പരിശോധനകളിൽ പങ്കാളികളായ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (എൻ.പി.ആർ.എ), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, വിവിധ ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ്, ട്രാഫിക് ഡയറക്ടറേറ്റ് തുടങ്ങിയ ആഭ്യന്തര മന്ത്രാലയ വിഭാഗങ്ങൾക്കും മറ്റ് മന്ത്രാലയങ്ങൾക്കും എൽ.എം.ആർ.എ നന്ദി അറിയിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ എൽ.എം.ആർ.എ വെബ്‌സൈറ്റ് (www.lmra.gov.bh), 'തവാസുൽ' സംവിധാനം അല്ലെങ്കിൽ 17506055 എന്ന കോൾ സെന്റർ നമ്പർ എന്നിവ വഴി അധികൃതരെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed