ജി.സി.സി റെയിൽ പദ്ധതി: കൂടുതൽ പഠനത്തിനൊരുങ്ങി ബഹ്റൈൻ പാർലമെന്റ്
ശാരിക
മനാമ: 2030 ഡിസംബറോടെ ജി.സി.സി റെയിൽവേ ശൃംഖലയുടെ ബഹ്റൈൻ ഘട്ടം പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതിനിടെ, രാജ്യത്തെ പുതിയ റെയിൽവേ നിയന്ത്രണ നിയമം പാർലമെന്ററി സമിതി കൂടുതൽ പഠനങ്ങൾക്കായി മാറ്റിവെച്ചു. 2026-ലെ 42-ാം നമ്പർ ഓർഡിനൻസാണ് പൊതുമരാമത്ത്, പരിസ്ഥിതി കാര്യ പാർലമെന്റ് സമിതി വിശദമായ പരിശോധനയ്ക്കായി മാറ്റിയത്. ഗതാഗത, വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ ഹിഷാം അൽ അവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ മേഖലയെ നിയന്ത്രിക്കുന്നതിനും അതിനുള്ള നിയമപരമായ ചട്ടക്കൂട് സ്വീകരിക്കുന്നതിനുമുള്ള വ്യവസ്ഥകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് സമിതി അറിയിച്ചു.
റെയിൽവേ നിർമ്മാണം, ഭരണനിർവ്വഹണം, പ്രവർത്തനം, അറ്റകുറ്റപ്പണികൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ലൈസൻസിങ്, യാത്രക്കാരുടെ സംരക്ഷണം, നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ എന്നിവ ഉൾപ്പെടുന്നതാണ് നിർദ്ദിഷ്ട നിയമം. ഈ നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ എക്സിക്യൂട്ടീവ് റെഗുലേഷനുകളും, ആറുമാസത്തിനകം സാങ്കേതിക മാനദണ്ഡങ്ങളും പുറപ്പെടുവിക്കേണ്ടതുണ്ട്.
ആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോമീറ്റർ നീളമുള്ള ജി.സി.സി റെയിൽ ശൃംഖലയിൽ 36 കിലോമീറ്ററാണ് ബഹ്റൈനിലൂടെ കടന്നുപോകുന്നത്. നിലവിലെ കിങ് ഫഹദ് കോസ്വേയ്ക്ക് സമാന്തരമായി നിർമ്മിക്കുന്ന 57 കിലോമീറ്റർ നീളമുള്ള പുതിയ കിംഗ് ഹമദ് കോസ്വേ വഴിയാണ് സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്നത്. ഇതിൽ നാല് റോഡ് ലെയ്നുകളും രണ്ട് റെയിൽവേ ട്രാക്കുകളും അടങ്ങിയിരിക്കും. റാംലിയിലെ കിംഗ് ഹമദ് ഇന്റർനാഷണൽ റെയിൽവേ സ്റ്റേഷനെ സൗദിയിലെ ദമാം സ്റ്റേഷനുമായി ഇത് നേരിട്ട് ബന്ധിപ്പിക്കും. റാംലി സ്റ്റേഷൻ ബഹ്റൈൻ മെട്രോ ശൃംഖല വഴി വിമാനത്താവളവുമായും മറ്റ് പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവർഷം 80 ലക്ഷം യാത്രക്കാരെയും, ബഹ്റൈൻ സ്റ്റേഷനിലെ ഫ്രൈറ്റ് യാർഡ് വഴി 6 ലക്ഷം കണ്ടെയ്നറുകളും 1.3 കോടി ടൺ ചരക്കും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്കോ ട്രെയിനുകൾക്കോ നേരെ ബോധപൂർവ്വം ആക്രമണം നടത്തുന്നവർക്ക് 5 മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. ആക്രമണത്തിൽ ട്രെയിനോ മറ്റ് സൗകര്യങ്ങളോ നശിച്ചാൽ ജീവപര്യന്തം തടവും, അപകടത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കും. റെയിൽ ശൃംഖലയിൽ അട്ടിമറി നടത്തിയാൽ 5 മുതൽ 10 വർഷം വരെ തടവും 3,000 മുതൽ 1,00,000 ബഹ്റൈൻ ദീനാർ വരെ പിഴയും ചുമത്തും. അനധികൃതമായി റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാൽ 3 മാസം വരെ തടവും 100 മുതൽ 1,000 ദീനാർ വരെ പിഴയും നേരിടേണ്ടിവരും. ഇതോടൊപ്പം, 2013-ലെ 14-ാം നമ്പർ സിവിൽ ഏവിയേഷൻ റെഗുലേഷൻ നിയമത്തിൽ ഭേദഗതി വരുത്തുന്ന 2026-ലെ 41-ാം നമ്പർ ഓർഡിനൻസും കൂടുതൽ പഠനത്തിനും ചർച്ചകൾക്കുമായി മാറ്റിവെക്കാൻ സമിതി തീരുമാനിച്ചിട്ടുണ്ട്.
fsadaf

