വിദേശികൾക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ്: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ആരോഗ്യ മന്ത്രിയും സന്ദർശനം നടത്തി
പ്രദീപ് പുറവങ്കര
മനാമ: വിദേശികൾക്കായി നടപ്പിലാക്കുന്ന ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് ആൽ സയ്യിദ് ജവാദ് ഹസനും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സന്ദർശിച്ചു.
പദ്ധതിയുടെ ഭാഗമായി രോഗികളെ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ, ആരോഗ്യ സേവനങ്ങളുടെ ലഭ്യതാ ക്രമീകരണങ്ങൾ, സേവന നിലവാരം ഉറപ്പാക്കാനായി വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവയാണ് പ്രധാനമായും സംഘം പരിശോധിച്ചത്. ഇൻഷുറൻസ് പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുന്നത് ആരോഗ്യ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും വിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും സുസ്ഥിരമായ സേവനം ഉറപ്പാക്കാനും സഹായിക്കുമെന്ന് എസ്.സി.എച്ച് ചെയർമാൻ വ്യക്തമാക്കി. സ്വദേശികൾക്ക് ലഭിക്കുന്ന ആരോഗ്യ പരിചരണത്തിന്റെ ഗുണനിലവാരത്തെയോ തുടർച്ചയെയോ ബാധിക്കാത്ത വിധം പദ്ധതി ക്രമീകരിക്കുന്നതിൽ പങ്കാളികളായ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ, നഴ്സിങ്, ഭരണനിർവഹണ ജീവനക്കാരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ദേശീയ തലത്തിൽ ആരോഗ്യ സംരക്ഷണം കൂടുതൽ സുസ്ഥിരവും കാര്യക്ഷമവുമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല പറഞ്ഞു. ബഹ്റൈൻ പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ള ചികിത്സയും വിദേശികൾക്ക് കൃത്യമായ ആരോഗ്യ പരിചരണവും ഉറപ്പാക്കാൻ സ്ഥാപനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും തുടർച്ചയായ വിലയിരുത്തലുകളും അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
്ിേി

