യുക്രെയ്‌ന് 500 പാട്രിയറ്റ് മിസൈലുകൾ വിൽക്കാൻ അമേരിക്കൻ അനുമതി; ഇടപാടിനായി 210 കോടി ഡോളർ
ശാരിക
വാഷിങ്ടൺ: റഷ്യയുടെ വൻ വ്യോമാക്രമണങ്ങളെ പ്രത്യാക്രമണം നടത്തി തടയുന്നതിനായി യുക്രെയ്‌ന് 500 അത്യാധുനിക പാട്രിയറ്റ് മിസൈലുകൾ നൽകാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. 210 കോടി ഡോളർ (ഏകദേശം 17,500 കോടി രൂപ) ചെലവ് വരുന്ന കരാറിന് സാമ്പത്തിക സഹായം നൽകുന്നത് യൂറോപ്യൻ രാജ്യങ്ങളും കാനഡയുമാണ്. എന്നാൽ അമേരിക്കയിൽ നിന്നുള്ള പുതിയ മിസൈൽ വിതരണം പൂർണ്ണതോതിലാകാൻ വർഷങ്ങളെടുക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി ആശങ്ക പ്രകടിപ്പിച്ചു. റഷ്യയുടെ തന്ത്രപ്രധാനമായ ബാലിസ്റ്റിക് മിസൈലുകളെപ്പോലും വായുവിൽ വെച്ച് തകർക്കാൻ ശേഷിയുള്ള അത്യാധുനിക പി.എസി-3 (PAC-3) ഇന്റർസെപ്റ്റർ മിസൈലുകളാണ് യുക്രെയ്‌ന് നൽകുന്നത്.
റഷ്യൻ ആകാശ ആക്രമണങ്ങളെ അതിജീവിക്കാൻ ഈ മിസൈലുകൾ അത്യാവശ്യമാണെന്ന് സെലൻസ്കി മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. ശൈത്യകാലം അടുത്തെത്തിയ സാഹചര്യത്തിൽ മിസൈലുകൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് അദ്ദേഹം വീണ്ടും അമേരിക്കയോട് അഭ്യർത്ഥിച്ചു. കാനഡ, ജർമനി, നോർവേ എന്നീ രാജ്യങ്ങളുടെ സംഭാവനകൾക്കൊപ്പം യൂറോപ്യൻ യൂണിയന്റെ പ്രത്യേക യുക്രെയ്ൻ സപ്പോർട്ട് ഫണ്ടിൽ നിന്നുള്ള തുകയും ഉപയോഗിച്ചാണ് കരാറിനുള്ള തുക കണ്ടെത്തുന്നത്. പ്രമുഖ അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനായിരിക്കും നിർമാണ കരാർ ലഭിക്കുക. എന്നാൽ ഈ ഇടപാടിൽ യുഎസ് സർക്കാരിന്റെ ഫണ്ട് നേരിട്ട് ഉപയോഗിക്കുന്നില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്താമാക്കി.
sadsd

