27,000 ദിനാറിലധികം വിലമതിക്കുന്ന മയക്കുമരുന്നുമായി ആറുപേർ ബഹ്റൈനിൽ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതും വിൽപനയ്ക്കായി സൂക്ഷിച്ചതുമായ വൻ മയക്കുമരുന്ന് ശേഖരവുമായി ഏഷ്യൻ സ്വദേശികളായ ആറുപേരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വിപണിയിൽ 27,000 ദിനാറിലധികം (ഏകദേശം 60 ലക്ഷത്തോളം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ലഹരിവസ്തുക്കളും സൈക്കോട്രോപിക് പദാർത്ഥങ്ങളുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസിന്റെ കീഴിലുള്ള ആന്റി-നാർക്കോട്ടിക്സ് വിഭാഗവും കസ്റ്റംസ് അഫയേഴ്സും സംയുക്തമായി നടത്തിയ മൂന്ന് വ്യത്യസ്ത പരിശോധനകളിലാണ് പ്രതികൾ വലയിലായത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിത തിരച്ചിലിലും അന്വേഷണത്തിലുമാണ് പ്രതികളെ തിരിച്ചറിയുകയും തൊണ്ടിമുതലുകളോടെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
മയക്കുമരുന്നിന് പുറമെ, വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന വൻ തുകയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുകയും കേസ് കൂടുതൽ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ നിർണായകമാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് സംബന്ധമായ ഏതൊരു വിവരവും 996 എന്ന ഹോട്ട്ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണെന്നും, വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
aa

