എംവിഡി അനുമതിയോടെ വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി; അറിയേണ്ട കാര്യങ്ങൾ
ശാരിക
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂർ അനുമതിയോടെ വാഹനങ്ങളിൽ ഏഴ് തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് നിശ്ചിത വ്യവസ്ഥകളോടെ ഏഴ് തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ തീരുമാനമായത്. രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമേ ഇത്തരം മാറ്റങ്ങൾ വരുത്താൻ പാടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം അനുവദനീയമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വാഹനങ്ങളുടെ നിറം മാറ്റാം. വാഹനങ്ങളിൽ എൻജിൻ ടൈപ്പ് മാറ്റുന്നതിനും അനുമതിയുണ്ടാകും. കൂടാതെ വാഹനത്തിന്റെ ചേസിസിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ പരിഹരിക്കാനോ വ്യവസ്ഥകൾക്ക് വിധേയമായി മാറ്റം വരുത്താനോ സാധിക്കും. ബോഡി സ്ട്രക്ചറിൽ നിയമാനുസൃതമായ തരത്തിലുള്ള ചെറിയ മാറ്റങ്ങൾ വരുത്താനും, ഡീസൽ അല്ലെങ്കിൽ പെട്രോൾ വാഹനങ്ങളെ സിഎൻജി ഉൾപ്പെടെയുള്ള മറ്റ് ഇതര ഇന്ധനങ്ങളിലേക്ക് മാറ്റുന്നതിനും അനുവാദമുണ്ട്. ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള ഏഴ് ഇനം രൂപമാറ്റങ്ങളാണ് പ്രധാനമായും അനുവദിച്ചിട്ടുള്ളത്.
റജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെയും ആർസിയിൽ രേഖപ്പെടുത്തിക്കൊണ്ടും മാത്രമേ വാഹനങ്ങളുടെ നിറം മാറ്റാൻ പാടുള്ളൂ. പുതിയ നിറം സിഎംവിആർ ചട്ടം 121 പ്രകാരമോ കാലാകാലങ്ങളിൽ നിലവിലുള്ള എസ്ടിഎ തീരുമാനങ്ങൾ പ്രകാരമോ നിരോധിക്കപ്പെട്ടതാകരുത്. എൻജിൻ മാറ്റുമ്പോൾ വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷനിലുള്ള അതായത് ഒരേ മോഡൽ, കപ്പാസിറ്റി, പവർ എന്നിവയുള്ള പഴയ എൻജിൻ നിർമിച്ച അതേ കമ്പനിയുടെ എൻജിൻ മാത്രമേ മാറ്റിവയ്ക്കാവൂ, കൂടാതെ ഇത് ആർസിയിൽ രേഖപ്പെടുത്തുകയും വേണം. മറ്റേതെങ്കിലും വാഹനത്തിന്റെ എൻജിൻ മാറ്റിവയ്ക്കുന്നത് അനുവദിക്കില്ല. നിലവിലെ ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും പുതിയ ഷാസി മാറ്റിവയ്ക്കാം. ഇതും ആർസിയിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു തരത്തിലുള്ള വാഹനത്തിനായി നിർമ്മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റിയെടുക്കാൻ പാടില്ല.
സിഎംവിആർ ചട്ടം 112 കർശനമായി പാലിച്ചുകൊണ്ടുമാത്രമേ ബോഡി ഘടനയിൽ മാറ്റം വരുത്താവൂ, ഇതും ആർസിയിൽ ചേർക്കേണ്ടതാണ്. ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറർ, വാഹന കമ്പനി ഡീലർ, സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ഷോപ്പ് അല്ലെങ്കിൽ സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് മാത്രമേ ഇന്ധനം മാറ്റാൻ പാടുള്ളൂ. ഇത് ആർസിയിൽ ഉൾപ്പെടുത്തുകയും വേണം. അംഗീകൃത കൺവേർഷൻ കിറ്റുകൾ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി മാത്രമേ പ്രൊപ്പൽഷൻ സിസ്റ്റം മാറ്റാവൂ. വർക്ക് പൂർത്തിയായശേഷം ഇതും ആർസിയിൽ രേഖപ്പെടുത്തേണ്ടതുണ്ട്.
സാധാരണ വാഹനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമ്പോൾ ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറർ, വാഹന നിർമ്മാതാവിന്റെ ഡീലർ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള വർക്ക്ഷോപ്പ് അല്ലെങ്കിൽ സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന മാത്രമേ ചെയ്യാവൂ. ഇതിനും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത വ്യവസ്ഥകൾ ബാധകമായിരിക്കും. റജിസ്റ്ററിങ് അതോറിറ്റികൾ നിർമ്മാതാവിന്റെ സ്പെസിഫിക്കേഷനുകളുടെയും വാഹനത്തിന്റെ ടൈപ്പ് അപ്രൂവൽ അല്ലെങ്കിൽ പ്രോട്ടോടൈപ്പ് അപ്രൂവലിന്റെയും അടിസ്ഥാനത്തിലായിരിക്കും മോഡിഫിക്കേഷൻ അപേക്ഷകളിൽ നടപടി സ്വീകരിക്കുക. അനുവദിച്ച മാറ്റങ്ങൾ ആർസിയിൽ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്.
പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. ആർടിഒ ഓഫീസിൽ എത്തി അപേക്ഷ നൽകി ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് വാഹനങ്ങൾക്ക് രൂപമാറ്റം നടത്താം. മാറ്റങ്ങളെല്ലാം വാഹനത്തിന്റെ ആർസി ബുക്കിൽ രേഖപ്പെടുത്തുകയും വേണം. ആർസിയിൽ വാഹനത്തിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് അറിയിപ്പ്. വാഹനപ്രേമികളും ഓട്ടോമൊബൈൽ രംഗത്തുള്ളവരും നിരന്തരമായി ആവശ്യപ്പെട്ടിരുന്ന പ്രധാന മോഡിഫിക്കേഷനുകളായ വലിയ ടയറുകൾ, സസ്പെൻഷൻ മാറ്റങ്ങൾ, ലൈറ്റുകൾ തുടങ്ങിയവയെക്കുറിച്ചൊന്നും ഉത്തരവിൽ പ്രതിപാദിക്കുന്നില്ല. ഇപ്പോൾ അനുവദിച്ചിട്ടുള്ള ഏഴ് മാറ്റങ്ങളിൽ ഭൂരിഭാഗവും നിലവിൽ തന്നെ നിയമപ്രകാരം അനുമതിയോടെ ചെയ്യാവുന്ന കാര്യങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
sdfsdf

