പൊലീസ് സ്റ്റേഷന് മുന്നിൽ ഇ.ഡി കേസ് പ്രതികളുടെ ഓണാഘോഷം: ജാമ്യം റദ്ദാക്കാൻ നീക്കവുമായി പൊലീസ്


ശാരിക

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ചെണ്ടകൊട്ടിയും ഊഞ്ഞാലാടിയും ഓണം ആഘോഷിച്ച സംഭവം വിവാദമായതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങളിലേക്ക് പൊലീസ് കടന്നു. അന്വേഷണച്ചുമതലയുള്ള മ്യൂസിയം സ്റ്റേഷനിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ആഘോഷത്തിന് എത്തിയ പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് ചില പ്രതികളും എത്തിയത്.

കോർപറേഷൻ മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെയുള്ളവർ സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടുന്ന റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമുണ്ടായി. അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന കർശന വ്യവസ്ഥയോടെ ഹൈക്കോടതി ദിവസങ്ങൾക്ക് മുൻപാണ് 25 പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഒപ്പിടാൻ എത്തിയ ദിവസമാണ് ഇവർ സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചത്.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ഇടത് അനുകൂല സംഘടനാനേതാവായ ഒരു ഉന്നത ഉദ്യോഗസ്ഥനും മറ്റൊരു പൊലീസുകാരനും പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പ്രതികളുമായി ഇവർ സ്റ്റേഷനുള്ളിൽ സൗഹൃദം പങ്കുവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. ആഘോഷത്തിനായി വാങ്ങിയ പൊലീസുകാരുടെ വസ്ത്രങ്ങളിൽ മൂന്നെണ്ണം കൂടുതലായി വാങ്ങിയെന്നും ഇതാണ് പ്രതികൾ ധരിച്ചതെന്നുമാണ് കണ്ടെത്തൽ.

വധശ്രമക്കേസിലെ പ്രതികൾക്ക് സ്റ്റേഷനിൽ ആഘോഷത്തിന് അവസരമൊരുക്കിയത് പൊലീസിന്റെ ഗുരുതര വീഴ്ചയായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കും. പ്രതികളുടെ ഈ നടപടിയെ ഇ.ഡിയും കോടതിയിൽ ചോദ്യം ചെയ്തേക്കും.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed