ഇലക്ട്രിക് ബസുകളും പുതിയ മേൽപ്പാലങ്ങളും: പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ ബഹ്‌റൈൻ തീരുമാനിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഡെവലപ്‌മെന്റ് പ്രോജക്‌ട്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മന്ത്രിതല സമിതിയുടെ 312-ാമത് യോഗത്തിലാണ് നിർണായക പൈലറ്റ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പുതിയ ഇന്റർചേഞ്ചുകൾ മുതൽ നിർമാണ സാമഗ്രികൾക്കായുള്ള പ്രത്യേക മറൈൻ ബെർത്ത് വരെയുള്ള സമഗ്രമായ അടിസ്ഥാന സൗകര്യ വികസന അജണ്ടയുടെ ഭാഗമായാണ് ഈ നീക്കം.

പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ പ്രവർത്തന കരാർ 2030 വരെ നീട്ടി നൽകാൻ സമിതി തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് ഘട്ടം ഘട്ടമായി ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കും. ആദ്യ ഘട്ടമായി ഈ വർഷം രണ്ട് ബസുകളും, ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ആകെ 35 ഇലക്ട്രിക് ബസുകളും സർവീസ് ആരംഭിക്കും.

മറ്റൊരു നിർണായക തീരുമാനത്തിൽ, രാജ്യത്തുടനീളം വൻകിട വികസന പദ്ധതികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പോർട്ടുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി, നിർമാണ സാമഗ്രികൾ ഇറക്കുന്നതിന് മാത്രമായി പുതിയ മറൈൻ ബെർത്ത് സ്ഥാപിക്കാൻ ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

റോഡ് ഗതാഗത രംഗത്ത്, വടക്കൻ ഈസ ടൗൺ ഇന്റർചേഞ്ച് പാലം ദിവസങ്ങൾക്കകം ഗതാഗതത്തിനായി തുറന്നുനൽകാൻ പൊതുമരാമത്ത് മന്ത്രാലയത്തിന് സമിതി നിർദേശം നൽകി. 840 മീറ്റർ നീളമുള്ള ഈ ഇരട്ടപ്പാലത്തിന്റെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.

കൂടാതെ, അൽ ഫറൂഖ് ജങ്ഷൻ മുതൽ അൽ ഫത്തേഹ് ജങ്ഷൻ വരെയുള്ള 4.1 കിലോമീറ്റർ കിംഗ് ഫൈസൽ ഹൈവേ വികസന പദ്ധതിക്കായി പൊതു ടെൻഡർ ക്ഷണിച്ചു. റോഡ് വീതികൂട്ടലും മൾട്ടി-ലെവൽ ഇന്റർചേഞ്ചുകളുടെ നിർമാണവും ഉൾപ്പെടുന്ന ഈ പദ്ധതി തലസ്ഥാന നഗരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed