ഒക്ടോബറിൽ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് തിരിച്ചെത്തിയേക്കും; ഫോർമുല വണ്ണുമായി ചർച്ചകൾ സജീവം
പ്രദീപ് പുറവങ്കര
മനാമ: സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ 2026-ലെ ഫോർമുല വൺ റേസ് കലണ്ടറിലേക്ക് ബഹ്റൈൻ ഗ്രാൻഡ് പ്രിക്സിനെ തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ ആദ്യവാരത്തിൽ റേസ് നടത്താനാണ് പ്രധാനമായും പരിഗണിക്കുന്നത്. ഈ സീസണിൽ റദ്ദാക്കിയ റേസുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും, ബഹ്റൈന്റെ തിരിച്ചുവരവ് ഇപ്പോഴും ശക്തമായ സാധ്യതയായി നിലനിൽക്കുന്നുണ്ടെന്നും സസ്റ്റൈനബിൾ ഡെവലപ്മെന്റ് മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് സി.ഇ.ഒയുമായ മന്ത്രി നൂർ ബിൻത് അലി ആൽ ഖലീഫ റോയിട്ടേഴ്സിനോട് പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക രാഷ്ട്രീയ സംഘർഷങ്ങൾ അയയുന്നത് അനുസരിച്ചായിരിക്കും റേസ് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് ആൽ ഖലീഫ വ്യക്തമാക്കി. രാജ്യത്തെ വിനോദസഞ്ചാര മേഖല വലിയ തോതിൽ തിരിച്ചുപിടിച്ചതായും കഴിഞ്ഞ വർഷം ബഹ്റൈൻ സന്ദർശിച്ച 1.5 കോടി (15 ദശലക്ഷം) ആളുകളിൽ 90 ശതമാനവും അയൽരാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഒക്ടോബർ 3, 4 തീയതികളിൽ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് നടക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ഫോർമുല 1 വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബാക്കുവിലെ അസർബൈജാൻ ഗ്രാൻഡ് പ്രിക്സിനും ഒക്ടോബർ 11-ലെ സിംഗപ്പൂർ ഗ്രാൻഡ് പ്രിക്സിനും ഇടയിലുള്ള സമയമാണിത്. റദ്ദാക്കിയ മിഡിൽ ഈസ്റ്റ് റേസുകളിൽ ഒന്നെങ്കിലും പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഫോർമുല 1 പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമെനിക്കാലി നേരത്തെ വ്യക്തമാക്കിയിരുന്നു.
റേസ് കലണ്ടറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അത് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ഡൊമെനിക്കാലി പറഞ്ഞു. ഏത് റേസാണ് തിരിച്ചുവരുന്നതെന്ന് അദ്ദേഹം ഔദ്യോഗികമായി വ്യക്തമാക്കിയില്ലെങ്കിലും, സാധ്യതകളിൽ ബഹ്റൈനാണ് മുൻപന്തിയിലുള്ളത്. ലോജിസ്റ്റിക്സ്, സംഘടനാപരമായ ആവശ്യങ്ങൾ മുൻനിർത്തി വരാനിരിക്കുന്ന ഓഗസ്റ്റിലെ വേനൽക്കാല അവധിക്ക് (Summer Break) മുൻപായി ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

