ഒലീവ് സാംസ്കാരിക വേദിയുടെ 'ബഷീർ സ്മൃതി' വായനക്കാർക്ക് വേറിട്ട അനുഭവമായി
പ്രദീപ് പുറവങ്കര
മനാമ: വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പത്തിരണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച 'ബഷീർ സ്മൃതി' അക്ഷരസ്‌നേഹികൾക്ക് വേറിട്ടൊരു അനുഭവമായി. മനാമയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ "സുൽത്താന്റെ മുറ്റത്ത്: വൈക്കം മുഹമ്മദ് ബഷീർ ഓർമ്മചെപ്പ്" എന്ന പേരിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ ബഷീറിയൻ കൃതികളും അതിലെ അനശ്വര കഥാപാത്രങ്ങളും ആഴത്തിലുള്ള അവലോകനങ്ങൾക്കും ചർച്ചകൾക്കും വിധേയമായി. ചടങ്ങിൽ പങ്കെടുത്തവർ തങ്ങളുടെ വായനാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
മാനവികതയും മനുഷ്യസൗഹാർദ്ദവും പ്രകൃതിസ്‌നേഹവും നിറഞ്ഞുനിൽക്കുന്ന ബഷീറിയൻ കൃതികൾ കാലാതീതമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ പ്രസ്താവിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ ബഷീർ രചിച്ച കൃതികൾ പുതുതലമുറയ്ക്ക് എന്നും മികച്ച വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കെ.എം.സി.സി ട്രഷറർ കെ.പി. മുസ്‌തഫ ആശംസകൾ നേർന്നു. സഹൽ തൊടുപുഴ, പി.കെ. ഇസ്‌ഹാഖ്, മുത്തലിബ് പൂമംഗലം, അഷറഫ് അഴിയൂർ, കെ.ആർ. ശിഹാബ്, നൗഫൽ പടിഞ്ഞാറങ്ങാടി എന്നിവർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
അൻവർ കുമ്പിടി, മുനീർ ഒഞ്ചിയം, റഷീദ് ആറ്റൂർ, ഹാഷിർ കഴുങ്ങിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി.വി. സിദ്ധീഖ് സ്വാഗതവും ഇബ്രാഹിം തിക്കോടി നന്ദിയും പറഞ്ഞു.
ംനംമന

