ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവക 20ആം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ ഇരുപതാം ജൂബിലി വർഷാഘോഷങ്ങളുടെ അനൗപചാരിക ഉദ്ഘാടനവും ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. കഴിഞ്ഞ ദിവസം നടന്ന വിശുദ്ധ ആരാധനയ്ക്ക് ശേഷമായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങൾക്കായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ലോഗോയുടെ പ്രകാശനം ഇടവക വികാരി റവ. അനീഷ് സാമുവൽ ജോണും ഇടവക വൈസ് പ്രസിഡന്റ് സുദിൻ എബ്രഹാമും ചേർന്ന് നിർവ്വഹിച്ചു.
ബുദയ്യ ഏരിയയിൽ നിന്നുള്ള ഇടവകാംഗം ബിജു ജോർജ് ആണ് ഈ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്തത്. മികച്ച ലോഗോ തയ്യാറാക്കിയ ബിജു ജോർജിന് സെന്റ് പോൾസ് മാർത്തോമ്മ ഇടവക ഭരണസമിതി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
ലോഗോ മത്സരത്തിൽ ആവേശപൂർവം പങ്കെടുക്കുകയും തങ്ങളുടെ സർഗ്ഗാത്മകമായ ഡിസൈനുകൾ സമർപ്പിക്കുകയും ചെയ്ത മറ്റ് എല്ലാ കലാകാരന്മാർക്കും ഇടവകയുടെ പേരിൽ പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
ു്ിു

